നോർഡ് 2 5ജി സ്മാർട്ട് ഫോൺ ഈ മാസം 22-ന് അവതരിപ്പിക്കാനുള്ള ഒരുക്കകത്തിലാണ് ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. വൺപ്ലസ് അടുത്തിടെയാണ് തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള സ്മാർട്ട്ഫോൺ ശ്രേണിയായ നോർഡിൽ പുതിയ ഫോൺ, നോർഡ് CE അവതരിപ്പിച്ചത്. ഇപ്പോൾ കഴിഞ്ഞ വർഷമെത്തിയ നോർഡിന്റെ പിൻഗാമിയായി നോർഡ് 2നെ വിപണിയിലെത്തിക്കുകയാണ് വൺപ്ലസ്.
ഇത് സംബന്ധിച്ച വൺപ്ലസ് വെബ്സൈറ്റിലും, സമൂഹ മാധ്യമ പേജുകളിലും പ്രഖ്യാപനങ്ങൾ വന്നു. റിപ്പോർട്ട് പ്രകാരം ക്വാൽകോം സ്നാപ്പ്ഡ്രാഗൺ പ്രൊസസ്സറിന് പകരം മീഡിയടെക് പ്രോസസ്സർ ഉപയോഗിച്ച് വില്പനക്കെത്തുന്ന ആദ്യ വൺപ്ലസ് ഫോണാണ് നോർഡ് 2. മീഡിയടെക് ഡിമെൻസിറ്റി 1200-എഐ SoC ആണ് നോർഡ് 2ന്റെ ഹൃദയം. അടുത്തിടെ വിപണിയിലെത്തിയ റിയൽമി X7 മാക്സ് 5ജിയിൽ പ്രവർത്തിക്കുന്ന മീഡിയടെക് ഡിമെൻസിറ്റി 1200 SoC പ്രോസസറിന്റെ ചെറിയ രീതിയിൽ മാറ്റം വരുത്തിയതാണ് ഇത്.
വൺപ്ലസ് നോർഡിന് 90Hz റിഫ്രഷ് റേറ്റുള്ള 6.44-ഇഞ്ച് ഫുൾ എച്ഡി+ (1,080x2,400 പിക്സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയത്. റിഫ്രഷ് റേറ്റിൽ മാറ്റം വരുത്താതെ ഡിസ്പ്ലേ വൺപ്ലസ് പരിഷകരിക്കും എന്നാണ് സൂചന. നോർഡ് 2 5ജി നിലവിൽ 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാവും വിപണിലെത്തുക. നോർഡ് 2ൽ 4500mAh ബാറ്ററി നൽകിയേക്കും. നോർഡിൽ 2വിൽ 50 മെഗാപിക്സൽ ക്യാമറ ലഭിച്ചേക്കും. 8 മെഗാപിക്സൽ സെക്കന്ററി സെൻസർ (അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്), 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ f/2.4 മാക്രോ ലെൻസ് എന്നിവ നോർഡിൽ 2ലും ഉണ്ടാകും.






