ഫോഡ് എന്‍ഡവര്‍ ഫുള്‍ സൈസ് എസ്യുവിയുടെ ബേസ് വേരിയന്റ് ഇന്ത്യയില്‍ നിര്‍ത്തിയതായി റിപ്പോർട്ട്. ടൈറ്റാനിയം 2 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്ന വേരിയന്റാണ് നിരത്തുകളിൽ നിന്നും ഒഴിയുന്നത്. ഏകദേശം 30 ലക്ഷം രൂപയായിരുന്നു ഈ വേരിയന്റിന് ഡെല്‍ഹി എക്സ് ഷോറൂം വില. ടൈറ്റാനിയം പ്ലസ് 2 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് 4 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്, സ്പോര്‍ട്ട് 4 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്നീ മൂന്ന് വേരിയന്റുകളില്‍ മാത്രമായിരിക്കും ഇനി എസ്യുവി ലഭിക്കുന്നത്. യഥാക്രമം 33.80 ലക്ഷം രൂപ, 35.60 ലക്ഷം രൂപ, 36.25 ലക്ഷം രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില.
ടൈറ്റാനിയം 2 വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്ന ബേസ് വേരിയന്റിന് ടൈറ്റാനിയം പ്ലസ് വേരിയന്റിനേക്കാള്‍ 4 ലക്ഷം രൂപയോളം വില കുറവായിരുന്നു. അതുകൊണ്ടുതന്നെ ചില ഫീച്ചറുകള്‍ ഇതിൽ ലഭിച്ചിരുന്നില്ല. മുന്നിലെ പാസഞ്ചറിന് എട്ട് വിധത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റ്, പനോരമിക് സണ്‍റൂഫ്, വണ്‍ ടച്ച് അപ്പ് ആന്‍ഡ് ഡൗണ്‍ പവര്‍ വിന്‍ഡോകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നീ ഫീച്ചറുകളാണ് കമ്പനി ഒഴിവാക്കിയത്.
ഡ്രൈവറുടെ കാല്‍മുട്ടിന് എയര്‍ബാഗ്, ഫോഡ് ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, മുന്നില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് ഐആര്‍വിഎം തുടങ്ങി ചില സുരക്ഷാ ഫീച്ചറുകളും ഇതിൽ നൽകിയില്ല. നിലവിലെ മൂന്ന് വേരിയന്റുകള്‍ക്കും കരുത്തേകുന്നത് 2.0 ലിറ്റര്‍ ഇക്കോ ബ്ലൂ ഡീസല്‍ എന്‍ജിനാണ്. ഈ എൻജിൻ 168 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ഫോഡിന്റെ 10 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് എന്‍ജിനുമായി ഘടിപ്പിച്ചു.






