ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ അവതരിപ്പിച്ച കുഷാഖിന്റെ ഡെലിവറി ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. 1.0 ലിറ്റര്‍ TSI എഞ്ചിന്‍ പതിപ്പ് മാത്രമാണ് നിലവില്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. ഓഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ 1.5 ലിറ്റര്‍ TSI-യുടെ ഡെലിവറികള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വാഹനത്തിന്റെ ബുക്കിംഗ് തുക 25,000 രൂപയാണ്.
സ്‌കോഡയുടെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിലുള്ള ആദ്യത്തെ ഉല്‍പ്പന്നമാണ് കുഷാഖ്. ബുക്കിംഗ് ആരംഭിച്ച് വെറും 10 ദിവസത്തിനുള്ളില്‍, കുഷാഖിനായി 2,500 ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്നും സ്‌കോഡ വ്യക്തമാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ നടന്ന ഫോക്സ്‌വാഗൺ ഗ്രൂപ്പ് നൈറ്റിൽ സ്കോഡ അവതരിപ്പിച്ച വിഷൻ ഇൻ (Vision IN) കോൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ് കുഷാഖ്.
1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടിഎസ്‌ഐ, 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ടിഎസ്‌ഐ എന്നീ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡ കുഷാഖ് എത്തുന്നത്. 113 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കും പരമാവധി ആദ്യത്തെ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. 148 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് രണ്ടാമത്തെ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍, ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.1.5 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചതാണ്. അഞ്ച് യാത്രക്കാര്‍ക്കും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റ്, ഇരട്ട എയര്‍ബാഗുകള്‍, ഇഎസ്‌സി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‌ലാംപുകള്‍, ഓട്ടോ വൈപ്പറുകള്‍, മള്‍ട്ടി കൊളീഷന്‍ ബ്രേക്കിംഗ് സിസ്റ്റം എന്നിവ ഓപ്ഷണല്‍ സുരക്ഷാ സംവിധാനങ്ങളാണ്.






