ചൈനീസ് സ്മാർട്ട്ഫോൺ ഭീമനായ ഷഓമി തങ്ങളുടെ ബജറ്റ് സ്മാർട്ട്ഫോൺ ശ്രേണിയായ റെഡ്മിയിലേക്ക് ആദ്യമായി 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കാനൊരുങ്ങുകയാണ്. റെഡ്മി നോട്ട് 10T ആണ് പുതുതായി എത്തുന്നത്. റിപ്പോർട്ട് അനുസരിച്ച് റെഡ്മി നോട്ട് 10Tയുടെ ലോഞ്ച് ഈ മാസം 20നാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇപ്പോൾ ഇന്ത്യയിൽ നാല് ഫോണുകളാണ് റെഡ്മി നോട്ട് 10 ശ്രേണിയിൽ ഷഓമി വിൽക്കുന്നത്. മാർച്ചിൽ എത്തിയ അടിസ്ഥാന റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവയും മെയിൽ വില്പനക്കെത്തിയ റെഡ്മി നോട്ട് 10S എന്നിവ ഉൾപ്പെടുന്നതാണ് ഈ ഫോണുകൾ. റെഡ്മി നോട്ട് 10Tയുടെ വരവ് അഞ്ചാമനായാണ്. റിപോർട്ടുകൾ അനുസരിച്ച് റെഡ്മി നോട്ട് 10T 5ജി ആവും പുതിയ ഫോൺ. മാർച്ചിൽ ആഗോള വിപണിയിൽ റെഡ്മി നോട്ട് 10 5ജിയെ അടുത്തിടെ റഷ്യൻ വിപണിയിൽ റെഡ്മി നോട്ട് 10T 5ജി എന്ന പേരിൽ ഷാഓമി അവതരിപ്പിച്ചിരിന്നു. ഇതേ മോഡലാണ് ഇന്ത്യയിലുമെത്തുക എന്നാണ് റിപ്പോർട്ട്.
4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ റെഡ്മി നോട്ട് 10T 5ജി വില്പനക്കെത്തും. ബ്ലൂ, ഗ്രീൻ, ഗ്രേ, സിൽവർ നിറങ്ങളിൽ ലഭിച്ചേക്കും. റെഡ്മി നോട്ട് 10Tന് 1100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും, 90Hz റിഫ്രഷ് റേറ്റും ഡൈനാമിക്സ്വിച്ച് ഫീച്ചറുമുള്ള 6.50 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ്. 128 ജിബി UFS 2.2 മെമ്മറി ഒരു മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ വർദ്ധിപ്പിക്കാം. മാലി-G57 MC2 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് ഫോണിന്റെ കരുത്ത്.






