
മലപ്പുറം : ‘കേരളത്തിന്റെ ദൈവം’ എന്നു മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിച്ച് ഫ്ലെക്സ് ബോർഡ് വച്ച സംഭവത്തിൽ വിവാദം മുറുകുന്നു. വൈക്കത്തൂരിലെ പച്ചീരി വിഷ്ണുക്ഷേത്ര കവാടത്തിനു സമീപമാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
രണ്ടാഴ്ച മുൻപേ ബോർഡ് മറ്റൊരിടത്തേക്കു മാറ്റിയിരുന്നെങ്കിലും വിഷയം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ വിവാദത്തിനു ചൂടേറുകയായിരുന്നു.
പച്ചീരി വിഷ്ണുക്ഷേത്ര കവാടത്തിനു സമീപം മാസങ്ങൾക്കു മുൻപ് ഇടതു സർക്കാർ അധികാരത്തിലേറിയ സമയത്താണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
പിണറായി വിജയൻ കൈ ഉയർത്തി നിൽക്കുന്ന മുഴുനീള ചിത്രത്തോടൊപ്പം ‘ആരാണ് ദൈവമെന്നു നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനെന്നു ജനം പറഞ്ഞു’ എന്ന വാക്യമുണ്ട്. ചിത്രത്തിന്റെ താഴെ കേരളത്തിന്റെ ദൈവം എന്നും എഴുതിയിട്ടുണ്ടായിരുന്നു.
അതേസമയം ബോർഡ് സ്ഥാപിച്ചത് ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
വിശ്വാസികളിൽ ചിലരുടെ എതിർപ്പിനെത്തുടർന്ന് രണ്ടാഴ്ച മുൻപ് ബോർഡ് പാർഥസാരഥി റോഡിൽ മറ്റൊരിടത്തേക്കു മാറ്റി.
ഇതു സംബന്ധിച്ച് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം പോസ്റ്റിട്ടതോടെ സമൂഹമാധ്യമങ്ങളിൽ ഫ്ലെക്സ് ബോർഡ് വിവാദം വൈറലാവുകയായിരുന്നു.






