
ഡെറാഡൂണ്‍: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളില്‍ ക്രമക്കേട് നടന്നെന്ന ആരോപണം വന്‍ വിവാദമാകുമ്പോള്‍ പിന്നാലെ ബദരീനാഥ് ധാമിലെ ക്ഷേത്രത്തിലും സമാനവിവാദം. കാണിക്കയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്രകമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളെ ക്ഷേത്രസമിതി ഗൗരവമായി എടുത്തിട്ടുണ്ടെന്നും വിഷയം അന്വേഷിക്കാന്‍ അന്വേഷണ സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ജീവനക്കാരില്‍ നിന്ന് വിശദീകരണവും തേടിയിട്ടുണ്ട്. വെള്ളിയാഴ്ച 'ഭൈരവ് സേന' എന്ന സംഘടന ബദരീനാഥ് ധാമില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു. ടെംപിള്‍ കമ്മിറ്റി ചെയര്‍മാന്റെ പേഴ്സണല്‍ അസിസ്റ്റന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ ഒരു പ്രത്യേക ജീവനക്കാരനെ തന്റെ 'പേഴ്സണല്‍ സെക്രട്ടറി' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള അവകാശവാദങ്ങള്‍ ദ്വിവേദി നിഷേധിച്ചു. ആ വ്യക്തി തന്റെ പേഴ്സണല്‍ സെക്രട്ടറിയല്ലെന്നും ബികെടിസിയിലെ ഒരു സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരനാണെന്നും മുന്‍പ് ടെംപിള്‍ കമ്മിറ്റിയുടെ മൂന്ന് മുന്‍ ചെയര്മാന്മാരുടെ കൂടെ പേഴ്സണല്‍ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായ ശേഷം ഏതെങ്കിലും ജീവനക്കാരന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നിയമപ്രകാരം കര്‍ശനവും ഫലപ്രദവുമായ നടപടി സ്വീകരിക്കുമെന്ന് ദ്വിവേദി ഉറപ്പ് നല്കി.
സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങളെ തുടര്‍ന്ന് ബദരീനാഥ് ക്ഷേത്ര പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായി ശ്രീ ബദരീനാഥ്-കേദാര്‍നാഥ് ടെംപിള്‍ കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സോഹന്‍ സിംഗ് രംഗാഡ് പറഞ്ഞു. ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം ബന്ധപ്പെട്ട ജീവനക്കാരില്‍ നിന്ന് വിശദീകരണം തേടിവരികയാണെന്നും സിഇഒ കൂട്ടിച്ചേര്‍ത്തു. നിഷ്പക്ഷവും വിശദവുമായ അന്വേഷണത്തിനായി ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.






