
ഫോർഡിന്റെ ഹാച്ച്ബാക്കായ ഫിഗോയ്ക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് പതിപ്പും വിപണിയിലേക്ക്. ഫിഗോയുടെ പരിഷ്കരിച്ച പതിപ്പ് 2019ൽ പുറത്തിറക്കുന്നത്തോടൊപ്പം ഫോർഡ് പിൻവലിച്ച ഓട്ടോമാറ്റിക് പതിപ്പാണ് ഇപ്പോൾ വീണ്ടും വില്പനക്കെത്തിയത്. ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആയിരുന്നു മുൻപ്. എന്നാൽ, ഇത്തവണ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്സ് ആണ് നൽകിയിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ടൈറ്റാനിയം, ടൈറ്റാനിയം+ എന്നീ രണ്ട് പതിപ്പികളിൽ ലഭ്യമായ ഫിഗോ ഓട്ടോമാറ്റിക്കിന് യഥാക്രമം 7.75 ലക്ഷം, 8.20 ലക്ഷം എന്നിങ്ങനെയാണ് എക്സ്-ഷോറൂം വില. ഓട്ടോമൊബൈൽ റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയ കണക്കനുസരിച്ച് ലിറ്ററിന് 16 കിലോമീറ്റർ ആണ് ഫിഗോ ഹാച്ച്ബാക്കിന്റെ ഇന്ധനക്ഷമത. ഫിഗോ ഓട്ടോമാറ്റിക് 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനിൽ മാത്രമേ ലഭിക്കു. 95 ബിഎച്ച്പി പവറും 119 എൻഎം ടോർക്കും നിർമ്മിക്കുന്നതാണ് ഈ എൻജിൻ. കൂടുതൽ പെർഫോമൻസിന് ഗിയർബോക്സിൽ സ്പോർട്ട് മോഡ് ഉൾപെടുത്തിയിട്ടുണ്ട്. മാത്രമല്ല ഗിയർഷിഫ്റ്റ് ലിവറിൽ ടോഗിൾ സ്വിച്ച് ഉപയോഗിച്ച ഗിയർ മാനുവലായി മാറ്റാനും കഴിയും.
അതേസമയം എക്സ്റ്റീരിയറിലോ ഇന്റീരിയറിലോ മാന്വൽ, ഓട്ടോമാറ്റിക് മോഡലുകൾ തമ്മിൽ വ്യതാസങ്ങളില്ല. ടൈറ്റാനിയം, ടൈറ്റാനിയം+ മാന്വൽ മോഡലുകളിലെ എല്ലാ ഫീച്ചറുകളും ഓട്ടോമാറ്റിക് പതിപ്പിലും നൽകി. 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കമ്പനിയുടെ കണക്റ്റിവിറ്റി സൊല്യൂഷൻ ഫോർഡ്പാസ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഇലക്ട്രോക്രോമിക് ഐആർവിഎം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പുഷ്-ബട്ടൺ റിമോട്ട് കീലെസ് എൻട്രി എന്നിവയും ഫിഗോ ടൈറ്റാനിയം, ടൈറ്റാനിയം+ മോഡലുകളിലുണ്ട്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആറ് എയർബാഗുകൾ, ഹിൽ ലോഞ്ച് അസിസ്റ്റ് എന്നിവയാണ് ഫിഗോ ഓട്ടോമാറ്റിക്കിലെ സുരക്ഷാ ഫീച്ചറുകൾ.






