
ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഓഡി തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനമായ ഇ-ട്രോൺ എസ്യുവി ഇന്ത്യയിൽ അവതരിപ്പിച്ചു. ഓഡി ഇ-ട്രോൺ നിങ്ങൾക്ക് എസ്യുവി ബോഡി സ്റ്റൈലിലും സ്പോർട്ട്ബാക്ക് ബോഡി ശൈലിയിലും ഇന്ത്യയിൽ വാങ്ങാമെന്നാണ് റിപ്പോർട്ട്.
വാഹനത്തിന്റെ അത്രയും തന്നെ വീതിയുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, ഓഡി കാറുകളുടെ മുഖമുദ്രയായ സിംഗിൾ-പീസ് ഗ്രിൽ, മാട്രിക്സ്-എൽഇഡി ഹെഡ്ലാംപുകൾ, വ്യത്യസ്തമായ ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവയാണ് ഓഡി ഇ-ട്രോണിന്റെ സവിശേഷതകൾ. സ്പോർട്ട്ബാക്ക് മോഡലിന് പിൻവശത്ത് താഴേക്ക് ഒഴുകിയിറങ്ങുന്ന വിധമുള്ള കൂപെ ഡിസൈൻ ആണ്. കൂടുതൽ സ്പോർട്ടി ലുക്കിനായി ബമ്പറുകൾക്ക് ഡ്യുവൽ ടോൺ ഓപ്ഷൻ നൽകിയിട്ടുണ്ട്.
റിപ്പോർട്ട് അനുസരിച്ച് ഔഡിയുടെ A6, A8L, Q8 വാഹനങ്ങൾക്ക് സമാനമായ ഇന്റീരിയർ ആണ് ഇ-ട്രോണിനും. ബ്ലാക്ക്, ബ്ലാക്ക്/ബ്രൗൺ, ബ്ലാക്ക്/ബീജ് എന്നിങ്ങനെ 3 ഇന്റീരിയർ കളർ ഓപ്ഷനുകളിൽ ഇ-ട്രോൺ വാങ്ങാം. 10.1-ഇഞ്ച് എംഎംഐ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ആകർഷണങ്ങൾ.
നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി, വയർലെസ് ഫോൺ ചാർജർ, സ്റ്റിയറിംഗ് വീലിനായി ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. പ്രോഗ്രസീവ് സ്റ്റിയറിംഗ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, മാട്രിക്സ് എൽഇഡി ഹെഡ്ലൈറ്റുകൾ, 16-സ്പീക്കർ, ബി & ഒ പ്രീമിയം 3 ഡി സൗണ്ട് സിസ്റ്റം, 30-കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉയർന്ന മോഡലുകളിൽ ഉണ്ട്.
50 ക്വാട്രോ പതിപ്പിൽ 313 എച്പി പവറും, 540 എൻഎം ടോർക്കും നിർമ്മിക്കുന്ന രണ്ട് ആക്സലുകളിലും സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക്ക് മോട്ടറുകളാണ്. 71 കിലോവാട്ട് ബാറ്ററിയുള്ള ഈ പതിപ്പിന് ഒരു ഫുൾ ചാർജിൽ 264-379 കിലോമീറ്റർ വരെ സഞ്ചരിക്കാം. 95 കിലോവാട്ട്സ് ബാറ്ററി പായ്ക്കുള്ള 55 ക്വാട്രോ പതിപ്പ് 408 എച്ച്പി പവറും, 664 എൻഎം ടോർക്കും നിർമ്മിക്കുന്നു. 359-484 കിലോമീറ്ററാണ് ഈ പതിപ്പിന്റെ റേഞ്ച്.
ഇ-ട്രോണിന്റെ ബാറ്ററി 11 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച് 8.5 മണിക്കൂറിനുള്ളിൽ 0-80 ശതമാനവും 150 കിലോവാട്ട് റേറ്റുചെയ്ത ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് സൂചന.






