ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ് ജൂൺ മാസം അവസാനമാണ് A സീരീസിലെ ഗാലക്സി A22യുടെ 4ജി പതിപ്പ് 18,499 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോളിതാഗാലക്സി A22യുടെ 5ജി പതിപ്പ് സാംസങ് വില്പനക്കെത്തിച്ചു. റിപ്പോർട്ട് പ്രകാരം 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപ എന്നിങ്ങനെയാണ് സാംസങ് ഗാലക്സി A22 5ജിയുടെ വില.
ഗ്രേ, മിന്റ്, വയലറ്റ് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. എച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് സാംസങ് ഗാലക്സി A22 5ജി വാങ്ങുമ്പോൾ 1,500 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ആയി ലഭിക്കും. സാംസങ് വെബ്സൈറ്റിലൂടെയും പ്രമുഖ ഓൺലൈൻ, ഓഫ്ലൈൻ സവിധാനങ്ങളിലൂടെയും സാംസങ് ഗാലക്സി A22 5ജി ഉടൻ വില്പനക്കെത്തിയേക്കും. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്പ്ലേയാണ് ഫോണിന്.
ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്ന യുഐ കോർ 3.1 ആണ് ലക്സി A22 5ജിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 SoC ആണ് പ്രോസസ്സർ. 15W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഗാലക്സി A22 5ജിയിൽ. 48 മെഗാപിക്സൽ പ്രൈമറി സെൻസറും, 5 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും, 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഗാലക്സി A22 5ജിയിൽ. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 8 മെഗാപിക്സൽ സെൽഫി ക്യാമറ ക്രമീകരിച്ചിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി ഗാലക്സി A22 5ജിയുടെ 128 ജിബി ഓൺബോർഡ് സ്റ്റോറേജ് വർദ്ധിപ്പിക്കാം.






