
പലതരം ദോശ ഇപ്പോൾ ലഭ്യമാണ്, എങ്കിലും ഇപ്പോൾ വൈറലായി ഇരിക്കുന്നത് തീപ്പൊരി ദോശ ആണ്. ഫുഡി ഇൻകാർനേറ്റ് എന്ന ഫുഡ്വ്ളോഗിലാണ് തീപ്പൊരി ദോശയുടെ വിഡിയോ എത്തിയത്. ഇന്‍ഡോറിലാണ് ഈ വെറൈറ്റി ദോശ തയ്യാറാക്കിയിരിക്കുന്നത്. 180 രൂപയാണ് ഒരു ദോശയുടെ വില. പറക്കും ദോശയ്ക്കും ബാഹുബലി ദോശയ്ക്കും ശേഷം ഇപ്പോൾ ഹിറ്റായി ഇരിക്കുകയാണ് ഫയർ ദോശ.
ദോശ തയ്യാറാക്കുന്നതിന്റെയും വിളമ്പുന്നതിന്റെയും ദൃശ്യങ്ങള്‍ വിഡിയോയിൽ കാണാം. തവയിലേക്ക് ദോശമാവ് ഒഴിച്ച ശേഷം അതിന് മുകളിലേക്ക് സ്പൈസസ്, വെജിറ്റബിൾസ്, ചീസ്, കോൺ എന്നിവ നിരത്തും. ഈ ദോശ തീ കൂട്ടി വെച്ചാണ് ചുട്ടെടുക്കുന്നത്. മസാല നിരത്തി കഴിയുമ്പോൾ ടേബിൾ ഫാൻ തീയുടെ അടുത്തേക്ക് കൊണ്ടുവരും. ഫാന്‍ കൊണ്ടുവരുന്നതോടെ തീപ്പൊരികള്‍ കൊണ്ടുള്ള കളിയാണ് ഇതിലെ കൗതുക കാഴ്ച്ച. പിന്നീട് ദോശ മടക്കി അതിനു മുകളിലേക്ക് ധാരാളം ചീസ് വിതറും.
എന്നാൽ, ഇത് ഏറെ അപകടം വരുത്താൻ സാധ്യതയുള്ള പ്രകടനമാണെന്നും ചിലർ വിഡിയോകണ്ട് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിരവധി പേര് ഈ ദോശ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.






