
ടോക്യോ: ഭാരോദ്വഹന താരം ചാനുവിന് പിന്നാലെ മറ്റൊരു മെഡല് കൂടി പ്രതീക്ഷ വെച്ച് ഇന്ത്യ. ബോക്സിംഗ് റിംഗില് നിന്നുമാണ് ഇന്ത്യ മറ്റൊരു മെഡല് പ്രതീക്ഷിക്കുന്നത്. ഒരു മത്സരം കൂടി ജയിക്കാനായാല് ഇന്ത്യന് വനിതാ ബോക്സിംഗ് താരം പൂജാ റാണി സെമിയില് കടക്കും. 75 കിലോഗ്രാം മിഡില്വെയ്റ്റ് പ്രീ ക്വാര്ട്ടറില് ഇന്ത്യന് താരം അള്ജീരിയയുടെ ഐഷര്ക്ക് ചായിബായെയാണ് തോല്പ്പിച്ചത്.
ക്വാര്ട്ടര് ഫൈനലില് വിജയിച്ചാല് പൂജയ്ക്ക് മെഡലുറപ്പിക്കാം. പൂജയുടെ സമ്പൂര്ണ ആധിപത്യം കണ്ട മത്സരത്തില് 5-0ത്തിനായിരുന്നു വിജയം. 30 കാരിയായ താരത്തിന്റെ കരിയറിലെ ആദ്യ ഒളിമ്പിക്സാണ്. നേരത്തേ ഏഷ്യന് ബോക്സിംഗ് ചാംപ്യന്ഷിപ്പില് മിഡില് വെയ്റ്റ് വിഭാഗത്തില് സ്വര്ണ്ണം നേടിയിരുന്നു. 2014 ഏഷ്യന് ഗെയിംസില് വെങ്കലം നേടിയ താരം അതേ വര്ഷം നടന്ന കോമണ്വെല്ത്ത് ഗെയിംസിലും മത്സരിച്ചിരുന്നു.
മറ്റൊരു ഇന്ത്യന് താരം ലോവ്ലിന ബോര്ഗോഹൈനും ഒരു മത്സരം കൂടി ജയിച്ചാല് മെഡല് ഉറപ്പാക്കിയിരിക്കുകയാണ്. 69 കിലോ വിഭാഗത്തില് ജര്മ്മനിയുടെ നദിനെ അപ്പെറ്റ്സിനെയാണ് ലോവ്ലിന വീഴ്ത്തിയത്. 3 - 2 എന്ന സ്കോറിനായിരുന്നു ജയം.







Comments