
ഗര്‍ഭകാല സംശയങ്ങള്‍ക്ക് മറുപടി
പച്ചമാങ്ങ കഴിക്കാന്‍ ആഗ്രഹം
1. രണ്ട് മാസം ഗര്‍ഭിണിയാണ്. ആദ്യ പ്രസവമാണ്. എനിക്ക് പച്ച മാങ്ങയോട് വലിയ കൊതിയാണ്. എന്നാല്‍ എന്റെ സുഹൃത്തുക്കള്‍ക്കൊന്നും ഇങ്ങനെ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ചില പ്രത്യേക ഭക്ഷണങ്ങളോട് ഗര്‍ഭകാലത്ത് അതിയായ ആഗ്രഹം തോന്നാന്‍ കാരണം. പച്ചമാങ്ങ ഈ സമയത്ത് കൂടുതലായി കഴിക്കുന്നതുകൊണ്ട് പ്രശ്നമുണ്ടോ? എല്ലാവര്ക്കും ഇത്തരം ഇഷ്ടങ്ങള്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണ്?
... തുഷാര, ചേറൂര്
ഇത് അസാധാരണമായ ഒരു കാര്യമല്ല. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ചില ഹോര്‍മോണുകളുടെ ഫലമായി പല ശാരീരിക മാറ്റങ്ങളും സ്ത്രീയില്‍ പ്രത്യക്ഷപ്പെടുന്നു. അതിനാലാണ് ചില പ്രത്യേക ആഹാര സാധനങ്ങളോട് കൊതി തോന്നാന്‍ കാരണം. ഇത് എല്ലാവരിലും ഒരുപോലെ ആകണമെന്നില്ല. ഗര്‍ഭാവസ്ഥയിലെ ഛര്‍ദി, ഓക്കാനം എന്നിവ എല്ലാവരിലും ഒരുപോലെയല്ലാത്തതുപോലെ തന്നെയാണ് ഇത്തരം ഇഷ്ടാനിഷ്ടങ്ങളും. ഗര്‍ഭിണി പച്ച മാങ്ങ കഴിക്കുന്നതുകൊണ്ട്് പ്രശ്നമൊന്നുമില്ല. എന്നാല്‍ അമിതമായി കഴിക്കുന്നത് നന്നല്ല. അത് ദഹനത്തെ ബാധിക്കും.
ഗര്‍ഭാവസ്ഥയില്‍ അപ്പന്‍ഡിസൈറ്റിസ്
2. 26 വയസുള്ള വിവാഹിതയാണ്. എട്ടു മാസം ഗര്‍ഭിണിയാണ്. ഗര്‍ഭത്തിന്റെ അഞ്ചാം മാസത്തില്‍ അപ്പന്‍ഡിസൈറ്റിസ് ഉണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. ഇതുമൂലം കുഞ്ഞിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ? ശസ്ത്രക്രിയയുടെ സമയത്ത് ബോധം കെടുത്താന്‍ ഉപയോഗിച്ച ഔഷധങ്ങള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ. സ്കാനിംഗില്‍ കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
.... സീമ നാഥ് ,പരിയാരം
മരുന്നുകള്‍കൊണ്ട് ഗര്‍ഭാവസ്ഥയില്‍ അപ്പന്‍ഡിസൈറ്റിസ് നിയന്ത്രിക്കാന്‍ കഴിയില്ല. അപ്പോള്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്നു. ബോധം കെടുത്താന്‍ ഉപയോഗിച്ച മരുന്നുകള്‍ കുഞ്ഞിനെ ഒരു രീതിയിലും ബാധിക്കുകയില്ല. സ്കാംനിഗില് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞ സ്ഥിതിക്ക് പേടിക്കേണ്ടതില്ല.
ഗര്‍ഭകാലത്തെ കുത്തിവയ്പ്പ്
3. 22 വയസ്. ആറുമാസം ഗര്‍ഭിണിയാണ്. ആദ്യത്തെ മൂന്നു മാസം ഛര്‍ദിയും തലകറക്കവും ഉണ്ടായിരുന്നു. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. കഴിഞ്ഞ തവണ പരിശോധനയ്ക്കു ചെന്നപ്പോള്‍ ഏഴാം മാസത്തില്‍ ഒരു കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്തിനു വേണ്ടിയാണ് ഈ കുത്തിവയ്പ്പ് എടുക്കുന്നത്. എന്റെ സുഹൃത്ത് ഗര്‍ഭിണിയായിരുന്നപ്പോള്‍ അവള്‍ക്ക് കുത്തിവയ്പ്പൊന്നും എടുത്തിരുന്നില്ല. കുഞ്ഞിന് എന്തെങ്കിലും പ്രശ്നം ഉള്ളതുകൊണ്ടാണോ കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞത്? ഇതുമൂലം ഞാന്‍ വളരെ വിഷമത്തിലാണ്.
.... ആനി ജോണ്‍, കാഞ്ഞിരപ്പള്ളി
ഏതുതരം കുത്തിവയ്പാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് കത്തില്‍ നിന്നും വ്യക്തമല്ല. ഗര്‍ഭിണികളില്‍ പ്രധാനമായും നല്‍കുന്നത് ടെറ്റനസ് വാക്സിനേഷന് (ടി.ടി. ഇന്ജക്ഷന്) ആണ്. ഇത് ഗര്‍ഭം ധരിക്കുന്നതുമുതല്‍ ഏതു സമയത്തും എടുക്കാവുന്നതാണ്. രണ്ടു ഡോസ് ടെറ്റനസ് ഇന്‍ജക്ഷനാണ് സാധാരണ കൊടുക്കുക.
രക്തഗ്രൂപ്പ് നെഗറ്റീവ് ആണെങ്കില്‍ ആര്.എച്ച്. ഇംകോംപാറ്റബിലിറ്റി തടയുന്നതിന് നെഗറ്റീവ് ഗ്രൂപ്പുള്ള അമ്മമാര്‍ക്ക് ഏഴാംമാസത്തില്‍ കുത്തിവയ്പ് എടുക്കാറുണ്ട്. ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ഈ കുത്തിവയ്പ് എടുക്കാതിരുന്നാല്‍ കുഞ്ഞിന് ശ്വാസതടസം, ശരീരത്തിന് അകത്തും പുറത്തും നീര്‍ക്കെട്ട് ഉണ്ടാക്കുന്ന ഗുരുതരമായ അവസ്ഥയായ എഡിമ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ഇത് തടയുന്നതിനാണ് ആര്.എച്ച്.നെഗറ്റീവായ അമ്മയ്ക്ക് കുത്തിവയ്പ് എടുക്കുന്നത്. എന്നാല്‍ നിങ്ങളുടെ കത്തില്‍ നിന്ന് കുത്തിവയ്പിന്റെ പേര് വ്യക്തമല്ലാത്തതിനാല്‍ മുകളില്‍ പറയുന്ന ഏതുതരം കുത്തിവയ്പാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് പറയാനാവില്ല.
ഉത്തരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ഷെറിന് വര്‍ഗീസ്,
ഡോ. ദിവ്യ ജോസ്