
കഴിഞ്ഞ വർഷം നവംബറിലാണ് മൈക്രോമാക്സ് ഇൻ എന്ന് പേരുള്ള സബ്-ബ്രാൻഡുമായി തിരിച്ചുവരവ് നടത്തിയത്. പുതുതായി ഇൻ 1b, ഇൻ നോട്ട് 1 എന്നീ ഫോണുകളാണ് മൈക്രോമാക്സ് അവതരിപ്പിച്ചത്. ഈ മാസം 30ന് ഇൻ 1bയുടെ പിൻഗാമി ഇൻ 2bയെ മൈക്രോമാക്സ് വില്പനക്കെത്തിക്കുമെന്നാണ് റിപ്പോർട്ട്.
ഇതിന്റെ ഭാഗമായി ഇൻ 2b സംബന്ധിച്ച ചില വിവരങ്ങളും ചിത്രവും ഫ്ലിപ്പ്കാർട്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസ്പ്ലേ ഫോണിൽ കാണാം. പുറകിൽ മുകളിലായി ഇടത് മൂലയിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഇരട്ട പിൻ ക്യാമറ സംവിധാനവുമായി ആണ് മൈക്രോമാക്സ് ഇൻ 2b എത്തുക എന്നാണ് സൂചന.
മൈക്രോമാക്സ് ഇൻ 2b, കറുപ്പ്, നീല, പച്ച എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ലഭ്യമാവുക. ഫ്ലിപ്കാർട്ട്, മൈക്രോമാക്സ്ഇൻഫോ.കോം എന്നീ വെബ്സൈറ്റുകളിലൂടെ ആണ് ഫോൺ വില്പനക്കെത്തുന്നത്. ഹൈപവർ ചിപ്സെറ്റ് ആയിരിക്കും പുത്തൻ ഫോണിന് എന്നും മൈക്രോമാക്സ് പ്രഖ്യാപിച്ചിട്ടുണ്ട്.സ്ക്രീനിന്റെ വലതുവശത്ത് സ്ഥിതിചെയ്യുന്ന വോളിയവും പവർ ബട്ടണുകളും ഉള്ള പിൻ ഫിംഗർപ്രിന്റ് സെൻസർ ഇൻ 2bയിലുണ്ടെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
5,000 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ടാകുമെന്നാണ് റിപ്പോർട്ട്. 160 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക്, 20 മണിക്കൂർ വെബ് ബ്രൗസിംഗ്, 15 മണിക്കൂർ വരെ വീഡിയോ സ്ട്രീമിംഗ്, 50 മണിക്കൂർ ടോക്ക് ടൈം എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.






