
ഓൺലൈൻ ടാക്സി സേവന രംഗത്തെ പ്രമുഖരായ ഓലയുടെ ഇലക്ട്രിക്ക് സ്കൂട്ടർ ഈ മാസം 15ന് വിപണിയിലെത്തുമെന്ന് കമ്പനിയുടെ ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ വ്യക്തമാക്കി. മുമ്പ് ബുക്കിങ് തുടങ്ങി 24 മണിക്കൂറിനുള്ളിൽ 1 ലക്ഷത്തിലേറെ ബുക്കിങ് ആണ് ഇലക്ട്രിക്ക് സ്കൂട്ടർ നേടിയിരുന്നു. ബുക്ക് ചെയ്യുന്നവർക്ക് സ്കൂട്ടർ നേരിട്ട് വീട്ടിൽ ഡെലിവറി ചെയ്യുമെന്നാണ് റിപ്പോർട്ട്.
10 നിറങ്ങളിലാണ് ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടർ വില്പനക്കെത്തുക. ഓരോ നിറങ്ങളുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഗ്ലോസി, മാറ്റ് ഫിനിഷിൽ ഏറെക്കുറെ എല്ലാ ഡിമാന്റുള്ള നിറങ്ങളിലും ഒല സ്കൂട്ടർ എത്തും. സീരീസ് എസ് എന്നാവും ഒല സ്കൂട്ടറിന്റെ പേര് എന്നാണ് റിപ്പോർട്ട്. എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ഒല സ്കൂട്ടർ വിപണിയിലെത്തും.
125 സിസി സ്കൂട്ടറുകളുടെ സമാന വിലയ്ക്ക് ആയിരിക്കും ഓലയുടെ ഇലക്ട്രിക്ക് സ്കൂട്ടറും ലഭിക്കുക എന്നാണ് സൂചന. ഒരു ലക്ഷം രൂപയ്ക്ക് താഴെയാവും ഒല ഇലക്ട്രിക്ക് സ്കൂട്ടറിന്റെ എക്സ്-ഷോറൂം വില. നിയോ-റെട്രോ സ്റ്റൈലിംഗ് ഭാഷ്യമാണ് ഒലയുടെ സ്കൂട്ടറിന്. ഡിആർഎൽ ചേർന്ന എൽഇഡി ഹെഡ്ലാമ്പ്, ബോഡി പാനലുകൾ, അലോയ് വീലുകൾ, റാപ് എറൗണ്ട് ടെയിൽലൈറ്റ് ക്ലസ്റ്റർ എന്നിവ നൽകിയിരിക്കുന്നു. ടെലിസ്കോപ്പിക് ഫോർക്കുകൾ, ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഫൈബർ പാനലുകൾ എന്നീ പ്രീമിയം ഫീച്ചറുകളും ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടറിൽ ഇടം പിടിച്ചേക്കും.






