
ഈ വർഷം ഫെബ്രുവരിയിൽ ആണ് ദക്ഷിണ കൊറിയൻ ടെക് ഭീമന്മാരായ സാംസങ് ഗാലക്സി F62 സ്മാർട്ട്ഫോൺ വില്പനയ്ക്കെത്തിച്ചത്. ഇപ്പോൾ ഫോണിന്റെ വില കുറച്ചതായിയാണ് റിപ്പോർട്ട്. 4000 രൂപയാണ് സാംസങ് കുറച്ചത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വിപണിയിലുള്ള സാംസങ് ഗാലക്സി F62-ന് യഥാക്രമം 23,999 രൂപയും, 25,999 രൂപയുമായിരുന്നു ലോഞ്ച് വില. വില കുറച്ചതോടെ 19,999 രൂപ മുതലാണ് ഗാലക്സി F62ന്റെ വില സാംസങ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം ഇ കോമേഴ്സ് വമ്പന്മാരായ ഫ്ലിപ്കാർട്ട് വെബ്സൈറ്റിൽ 6,000 രൂപ ഡിസ്കൗണ്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പ് ഫ്ലിപ്കാർട്ട് വഴി 17,999 രൂപയ്ക്ക് വാങ്ങാം. എന്നാൽ ഈ പതിപ്പ് ഇപ്പോൾ സ്റ്റോക്കില്ല എന്നാണ് ഫ്ലിപ്പ്കാർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗാലക്സി F62 ഈ വർഷം മെയിൽ നടന്ന ബിഗ് സേവിങ് ഡേയ്സിലും 6,000 രൂപ വിലക്കുറവിൽ ഫ്ലിപ്കാർട്ട് വിറ്റിരുന്നു. ഫ്ലിപ്കാർട്ട് ഡിസ്കൗണ്ട് താത്കാലികം ആണെങ്കിലും സാംസങ് ഫോണിന് 4000 രൂപ കുറച്ചത് സ്ഥിരമായാണ് എന്നാണ് സൂചന.
ലേസർ ബ്ലൂ, ലേസർ ഗ്രീൻ, ലേസർ ഗ്രേ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. സാംസങ് ഗാലക്സി F62, ആൻഡ്രോയിഡ് 11 അടിസ്ഥാനമായ യുഐ 3.1-ൽ ആണ് പ്രവർത്തിക്കുന്നത്. ഒക്ട-കോർ എക്സിനോസ് 9825 SoC പ്രോസസ്സർ 8 ജിബി വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്നു. 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയാണ്. സാംസങ് ഗാലക്സി F62ൽ 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയാണ് ലഭിക്കുന്നത്. ഈ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ രണ്ട് മണിക്കൂറിൽ താഴെ സമയമെടുക്കും.
64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസറും 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും (123 ഡിഗ്രി ഫീൽഡ്-വ്യൂവിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ്), 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ചേരുന്ന ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് ഗാലക്സി എഫ് 62-ൽ. സെൽഫികൾക്കും മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇരു ക്യാമറകളും 4K വീഡിയോ റെക്കോർഡിംഗ് വരെ പിന്തുണയ്ക്കും.






