
ടോക്യോ ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് നീരജ് ചോപ്ര. ഒളിംപിക്സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്രയുടെ സ്വര്‍ണത്തിലൂടെ ഇന്ത്യ നേടിയത്. 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണം നേട്ടം. ഇന്ത്യയുടെ ജനങ്ങളുടെ അഭിമാനമായി മാറിയ താരത്തിന് ഏറ്റവും മികച്ച സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ മേധാവി ആനന്ദ് മഹീന്ദ്ര.
എന്നാൽ, ഇത്തവണ ഥാര്‍ എസ്.യു.വി ആയിരിക്കില്ല സമ്മാനം. മഹീന്ദ്ര സ്വാതന്ത്ര്യദിനത്തില്‍ വിപണിയില്‍ എത്തിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും പുതിയ എസ്.യു.വിയായ എക്സ്.യു.വി.700 ആണ് നീരജ് ചോപ്രയ്ക്കായി അദ്ദേഹം സമ്മാനിക്കുക എന്നാണ് റിപ്പോർട്ട്. ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
നീരജിന് മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്സ്.യു.വി.700 സമ്മാനിക്കാന്‍ സാധിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹത്തിനായി ഒരു വാഹനം ഒരുക്കി വെക്കണമെന്നുമാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആനന്ദ് മഹീന്ദ്ര. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.






