
മഹീന്ദ്ര & മഹീന്ദ്രയുടെ എക്സ്യുവി700ന്റെ അവതരണം ഈ മാസം 14ന് നടക്കുമെന്ന് റിപ്പോർട്ട്. എക്സ്യുവി500ൽ നിന്നും അടിമുടി മാറ്റങ്ങളുമായാണ് എക്സ്യുവി700 എത്തുന്നത്. പുത്തൻ എസ്യുവിക്ക് തികഞ്ഞ സ്പോർട്ടി സ്വഭാവമുള്ള ഡിസൈൻ ആയിരിക്കുമെന്ന് മഹീന്ദ്ര ഇതുവരെ പുറത്ത് വിട്ട ടീസർ വിഡിയോകൾ വ്യക്തമാക്കുന്നു.
ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വ്യത്യസ്തമായ ഗ്രിൽ, C ഷെയ്പ്പിൽ ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്ലൈറ്റ്, ഷാർപ്പായ ടെയിൽ ലാംപ്, പുത്തൻ ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവയും മഹീന്ദ്ര എക്സ്യുവി700യിൽ ഉൾപ്പെടുന്നത്. മഹീന്ദ്ര പുതിയ ലോഗോ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. റിപ്പോർട്ട് പ്രകാരം 'ട്വിൻ പീക്സ്' എന്ന് മഹീന്ദ്ര പേരിട്ട് വിളിക്കുന്ന പുത്തൻ ലോഗോ മഹീന്ദ്രയുടെ പേരിലെ ആദ്യ ഇംഗ്ലീഷ് അക്ഷരമായ M ആണ് പ്രദർശിപ്പിക്കുന്നത്. മഹീന്ദ്രയുടെ പുത്തൻ ലോഗോ പേറുന്ന ആദ്യ മോഡലാകും എക്സ്യുവി700.
മഹീന്ദ്ര എക്സ്യുവി700 200 എച്പി പവർ നിർമ്മിക്കുന്ന 2.0-ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ, 185 എച്പി പവർ നിർമ്മിക്കുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനുകളിലാണ് വിപണിയിലെത്തുക. 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാവും ഗിയർബോക്സ് ഓപ്ഷനുകൾ. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള അഡ്രെനോഎക്സ് ഇന്റർഫേസ് ഇൻഫോടൈന്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നെ ഫീച്ചറുകളും ലഭിക്കും. എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, ഹ്യുണ്ടേയ് അൽകസാർ എന്നീ 7 സീറ്റർ എസ്യുവികളാണ് മഹീന്ദ്ര എക്സ്യുവി700ന്റെ എതിരാളികൾ.






