
ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40,120 പേര് കൂടി കോവിഡ് ബാധിതരായി. 585 മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ 42,295 പേര് രോഗമുക്തരായി. 97.45% ആണ് രോഗമുക്തി നിരക്ക്.
ഇതുവരെ 3,21,17,826 പേര് രോഗബാധിതരായി. 3,13,02,345 പേര് രോഗമുക്തരായി. 3,85,227 പേര് സജീവ രോഗികളായി തുടരുന്നു. 4,30,254 പേര് മരണമടഞ്ഞു.
ഇതുവരെ 52,95,82,956 ഡോസ് വാക്സിന് വിതരണം ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 57,31,574 ഡോസ് വാക്സിനേഷന് നടത്തി. 48,94,70,779 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ ഇതുവരെ നടത്തി. ഇന്നലെ 19,70,495 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐ.സി.എം.ആര് അറിയിച്ചു.
അതേസമയം, കുട്ടികളില്‍ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക പരത്തുന്നുണ്ട്. ബംഗലൂരുവില്‍ ഈ മാസം 11 വരെ 19 വയസ്സില്‍ താഴെയുള്ള 543 കുട്ടികള്‍ പോസിറ്റീവ് ആയി. എന്നാല്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലര്‍ക്കും നിസാര ലക്ഷണങ്ങളോ പ്രകടമായ ലക്ഷണങ്ങളില്ലാതെയോ ആണ് കോവിഡ് വന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 266 കുട്ടികള്‍ രോഗബാധിതരായെന്ന് ഇന്നലെ ബൃഹത് ബംഗലൂരു മഹാനഗര പാലിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ, ഡെല്‍റ്റ പ്ലസ് വകഭേദം മൂലമുള്ള മരണം മുംബൈയിലും റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. ജൂലായ് 27ന് മരിച്ച 63 കാരിക്കാണ് ഡെല്‍റ്റ പ്ലസ് ആണെന്ന് സ്ഥിരീകരിച്ചത്. ജൂലായ് 21നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പ്രമേഹം അടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ രണ്ടാമത്തെ ഡെല്‍റ്റ പ്ലസ് മരണമാണിത്. രത്നഗിരിയില്‍ കഴിഞ്ഞ മാസം 80കാരി മരണമടഞ്ഞിരുന്നു.
മുംബൈയില്‍ മരിച്ച രോഗിയും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചതായിരുന്നു. ഇവരടക്കം വാക്സിന് എടുത്ത ഏഴു പേരാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന് ചികിത്സയിലുള്ളത്. ഇവരുമായി അടുത്തിടപഴകിയ രണ്ട് പേര്‍ക്കും ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറത്തുനിന്ന് രോഗം ബാധിക്കാനുള്ള സാഹചര്യം ഇവര്‍ക്കില്ല. ഓക്സിജന്‍ സപ്പോര്‍ട്ടില്‍ കഴിഞ്ഞിരുന്ന വര്‍ക്ക് സ്റ്റീറോയിഡ് റെഡെംസീവര് മരുന്നുകള്‍ നല്‍കിയിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തില്‍ നിന്നുള്ള മറ്റൊരു വകഭേദമാണ് ഡെല്‍റ്റ പ്ലസ്. രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന ഏറ്റവും മാരകമായ വേര്‍ഷനാണിത്. പൂനെ (3), നന്ദീദ് (2), ഗോണ്ഡിയ (2), റായ്ഗഡ് (2), പല്‍ഘര്‍(2) ചന്ദ്രപുര്‍ (1), അകോല (1) എന്നിങ്ങനെ മഹാരാഷ്ട്രയില്‍ 13 ഡെല്‍റ്റ പ്ലസ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയ്ക്ക് പുറമേ മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലായി 86 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അതിനിടെ, അമേരിക്കയില്‍ പ്രതിരോധശേഷി കുറവുള്ളവരില്‍ മൂന്നാം ഡോസ് വാക്സിന് നല്കാന് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അനുമതി നല്കി. മൊഡണ, ഫൈസര്‍ എന്നിവയുടെ വാക്സിനാണ് നല്‍കുക. ഡെല്‍റ്റ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ വരുംനാളുകളില്‍ കുട്ടികളില്‍ കൂടുതലായി രോഗബാധയുണ്ടാകുമെന്നാണ് ഡോ. അന്തോണി ഫൗസി അറിയിച്ചു. സ്പുട്നിക് വാക്സിന്റെ ഒരു ഡോസ് എങ്കിലും നല്കാനായാല് ഇന്ത്യയില്‍ രോഗവ്യാപനം തടയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.






