
ഹൈദരാബാദ് : തെലങ്കാനയിൽ സംസ്കാരം നടത്താൻ പണമില്ലാത്തതിനാൽ മുത്തശ്ശന്റെ മൃതദേഹം ഫ്രിജിനുള്ളിൽ സൂക്ഷിച്ച് യുവാവ്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നെന്ന അയൽവാസികളുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മുത്തശ്ശനും കൊച്ചുമകൻ നിഖിലും വാടയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സംഭവം. കിടപ്പിലായ മുത്തശ്ശൻ മൂന്നു ദിവസങ്ങൾക്കു മുൻപാണ് മരിച്ചതെന്ന് നിഖിൽ പൊലീസിനോട് പറഞ്ഞു. മരണശേഷം മൃതശരീരം ഒരു ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഫ്രിജിൽ വയ്ക്കുകയായിരുന്നു.
മുത്തശ്ശന്റെ പെൻഷൻ തുകയിലാണ് ഇരുവരും ജീവിച്ചുപോന്നത്. പെൻഷൻ തുക മുടങ്ങാതിരിക്കാനാണോ നിഖിൽ ഇപ്രകാരം ചെയ്തെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംസ്കാരം നടത്താൻ പണമില്ലാത്തതിനാലാണ് ഇത്തരത്തിൽ ചെയ്തെന്നാണ് 23കാരനായ നിഖിൽ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.






