
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ഡെല്‍റ്റ പ്ലസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 66 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ ഏറെപ്പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
രോഗബാധിതരില്‍ ഏഴ് പേരില്‍ 18 വയസ്സില്‍ താഴെയുള്ളവരാണ്. 33 പേര് 19നും 45നും മധ്യേ പ്രായമുള്ളവരാണ്. 18 പേര് 46-60 പ്രായപരിധിയില്‍ ഉള്ളവരും എട്ട് പേര് 60ന് മേല്‍ പ്രായമുള്ളവരുമാണ്. രോഗികളില്‍ 34 പേര് സ്ത്രീകളാണ്. മരിച്ചവരില്‍ രണ്ട് രത്നഗിരി ജില്ലയില്‍ നിന്നും റായ്ഗഡ്, ബീഡ്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര് വീതവും മരിച്ചു.
ഏറ്റവും കൂടുതല്‍ ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജാല്ഗണിലാണ്. 13 രോഗികള്‍. രത്നഗിരിയില്‍ 12 പേര്‍ക്കും മുംബൈയില്‍ 11 പേര്‍ക്കും താനെ, പൂനെ എന്നിവിടങ്ങളില്‍ ആറു പേര്‍ക്കും പല്‍ഘര്‍, നന്ദീദ്, ഗോഡിയ എന്നിവടങ്ങളില്‍ മൂന്നു പേര്‍ക്ക് വീതവും ചന്ദ്രപുര്‍, അകോല, സിന്ധുദുര്‍ഗ്, സാങ്ലി, നന്ദുര്‍ബര്‍, ഔറംഗബാദ്, കോലാപൂര്‍, ബീഡ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു.
രോഗികളില്‍ 10 പേര് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരാണ്. എട്ട് പേര് ആദ്യ ഡോസും സ്വീകരിച്ചു. ഈ 18 പേരില്‍ രണ്ട് പേര് കോവാക്സിനും 16 പേര് കോവിഷീല്‍ഡും സ്വീകരിച്ചു. രോഗികളില്‍ 61 പേര് ഇതിനകം രോഗമുക്തരായി. 31 പേര്‍ക്ക് നേരിയ ലക്ഷണങ്ങളോ ഒട്ടും തന്നെ ലക്ഷണങ്ങള്‍ ഇല്ലാത്തവരോ ആയിരുന്നു.






