
എറണാകുളം: ഒളിമ്പ്യന്‍ പി.ആര്. ശ്രീജേഷ് അഡ്വെഞ്ചര്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുമെന്ന പ്രഖ്യാപനവുമായി മന്ത്രി മുഹമ്മദ് റിയാസ്. വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ ടൂറിസം പദ്ധതികള്‍ സംബന്ധിച്ച് ടൂറിസം മേഖലയിലുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
അഡ്വെഞ്ചര്‍ ടൂറിസത്തിന് എല്ലാ സാധ്യതയുള്ള ഒരു സ്ഥലം കൂടെയാണ് വൈപ്പിന്‍. ഒളിമ്പ്യന്‍ പി.ആര്. ശ്രീജേഷ് അഡ്വെഞ്ചര്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് പുതിയ ടൂറിസം സെന്ററുകള്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ അണ് എക്സ്പ്ലോര്‍ഡ് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട് പ്രത്യേകതകള്‍ വ്യക്തമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ചെറായി ടൂറിസം ബീച്ച് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് ഡെവലപ്മെന്റ് ഫോറത്തിന്റെ വെബ് സൈറ്റ് cherai tourism.org ന്റെ ലോഞ്ചിങ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. നാടിന്റെ ചരിത്രം, സംസ്കാരം, ജനങ്ങളുടെ പ്രത്യേകതകള്‍ ടൂറിസം കേന്ദ്രങ്ങളുടെ സാധ്യത തുടങ്ങിയ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വര്‍ദ്ധിപ്പിക്കും. ഈ വിവരങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കും. ആഭ്യന്തര ടൂറിസം സാധ്യത മുന്നില്‍ കണ്ട് മുന്നോട്ട് പോകണം. അണ് എക്സ്പ്ലോര്‍ഡ് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും. കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ച മേഖലയാണ് ടൂറിസമെന്നും അദ്ദേഹം പറഞ്ഞു.
റിസോര്‍ട്ട്, മുസിരീസ്, അഡ്വെഞ്ചര്‍ സ്പോര്‍ട്ട്സ്, ഡിറ്റിപിസി തുടങ്ങിയവയുടെ വൈവിധ്യമാര്‍ന്ന സാധ്യതകളെ കോര്‍ത്തിണക്കി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ഇതിനായി സെപ്റ്റംബറില്‍ ഉന്നതതല യോഗം ചേരും. മുസിരീസ് മുന്നോട്ട് വെച്ച 25 പേര്‍ക്ക് സഞ്ചരിക്കാവുന്ന സോളാര്‍ ബോട്ടിന്റെ സാധ്യത സിയാലുമായി ചര്‍ച്ച നടത്തും. വൈപ്പിന്‍ നിയോജക മണ്ഡലത്തിന്റെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.






