
ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച പ്രധാനമന്ത്രി. ആധുനിക അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുമെന്നും പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഗ്രാമങ്ങളിലേക്ക് കൂടുതല്‍ വികസന പദ്ധതികള്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്വാതന്ത്ര്യത്തിനായി പോരാടിയവരെ രാജ്യം നന്ദിയോടെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യം എന്നും അവരോട് കടപ്പെട്ടിരിക്കും. കോവിഡ് പോരാളികളെ രാജ്യം ആദരിക്കുന്നു. ഒളിംപിക്സില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയവരെയും പ്രധാനമന്ത്രി അനുമോദിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്സിന് ഡ്രൈവ് നടന്നത് ഇന്ത്യയിലാണ്. 54 കോടി പേര് വാക്സിനെടുത്തു. മഹാമാരിക്കിടയിലും 80 കോടി ജനങ്ങള്‍ക്ക് റേഷന്‍ നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചെങ്കോട്ടക്ക് ചുറ്റും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് പുലര്‍ച്ചെ നാല് മുതല്‍ രാവിലെ 10 വരെ ചെങ്കോട്ടക്ക് ചുറ്റും ഗതാഗതം അനുവദിക്കില്ല. മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം കര്‍ശന നിയന്ത്രണം ഏര്‍പ്പെത്തിയിട്ടുണ്ട്.






