
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യക്കാർക്ക് സമ്മാനമായി ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. റിപ്പോർട്ട് അനുസരിച്ച് ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് സ്കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.
ഒല സ്കൂട്ടര്‍ നിരയിലെ ഉയര്‍ന്ന വകഭേദം എസ്-1 പ്രോയാണ്. എസ്-1 പ്രോയില്‍ അടിസ്ഥാന വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി വോയിസ് കണ്ട്രോള്, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്ട്രോള് തുടങ്ങിയ ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്. 90 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. എസ്-1 വേരിന്റിന് 121 കിലോമീറ്റര്‍ റേഞ്ചുണ്ട്. 115 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റര്‍ റേഞ്ചുമുണ്ട്.
രണ്ട് വേരിയന്റിന്റേയും കരുത്ത് 8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ്. എന്നാല്‍, എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് ലഭിക്കുക. റിപ്പോർട്ട് അനുസരിച്ച് എസ്-1 പ്രോ മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ 3.6 സെക്കന്റില്‍ എസ്-1 പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് ഇരു സ്കൂട്ടറുകളുടെയും പ്രധാന ഹൈലൈറ്റ്.
36 ലിറ്ററാണ് ഈ സ്കൂട്ടറിലെ ബൂട്ട് സ്പേസ്. റിവേഴ്സ് പാര്‍ക്ക് അസിസ്റ്റന്‍സ്, ക്രൂയിസ് കണ്ട്രോള് എന്നിവയും ഇതില്‍ നല്‍കിയിട്ടുണ്ട്. ഒക്ടാ-കോര്‍ പ്രോസസര്‍, 3ജി.ബി. റാം, 4ജി ഹൈസ്പീഡ് കണക്ടിവിറ്റി, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാര്‍ട്ട് വെഹിക്കിള്‍ കണ്ട്രോള് യൂണിറ്റ് ഈ സ്കൂട്ടറില്‍ ലഭിക്കുന്നു.






