
മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ വനിതാ കമീഷനില്‍ നല്കിയ പരാതി 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം ഹരിത നേതാക്കള്‍ തള്ളി. പാണക്കാട് കുടപ്പനക്കല്‍ തറവാട്ടില്‍വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഹരിത നേതാക്കള്‍ക്ക് കുഞ്ഞാലിക്കുട്ടി അന്ത്യശാസനം നല്‍കിയത്.
പി.കെ നവാസിനെതിരെ നടപടി സ്വീകരിച്ചാല്‍ പരാതി പിന്‍വലിക്കാമെന്നായിരുന്നു ഹരിത നേതാക്കളുടെ നിലപാട്. 'നിങ്ങള്‍ പാര്‍ട്ടിയെ ഗണ്‍പോയിന്റില്‍ നിര്‍ത്തുകയാണ് ആ ഗണ്‍ ആദ്യം മാറ്റൂ എന്നിട്ട് ചര്‍ച്ച നടത്താം' എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പരാതി പിന്‍വലിച്ചാല്‍ പി.കെ നവാസിനെ പരസ്യമായി ശാസിക്കാമെന്നും ഒരു മാസത്തിന് ശേഷം എം.എസ്.എഫ് തലപ്പത്ത് മാറ്റം കൊണ്ടുവരാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മോശം പരാമര്‍ശം നടത്തിയ മലപ്പുറം ജില്ലാ സെക്രട്ടറി വി.എ. വഹാബിനെതിരെയെങ്കിലും നടപടി സ്വീകരിച്ചാല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാട് ഹരിത നേതാക്കള്‍ അറിയിച്ചു. എന്നാല്‍, മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ തയാറല്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 24 മണിക്കൂറിനകം നിലപാട് അറിയിക്കാന്‍ ഹരിത നേതാക്കളോട് നിര്‍ദേശിച്ച കുഞ്ഞാലിക്കുട്ടി, ഹരിത നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്കി.






