
ചൈനീസ് ടെക് പ്രധാനികളായ ഷഓമിയുടെ ബജറ്റ് സ്മാർട്ട്ഫോണുകൾ വിലക്കുന്ന റെഡ്മി 9 ശ്രേണിയുടെ പിൻഗാമി റെഡ്മി 10 ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ഷഓമി റെഡ്മി 10 സ്മാർട്ട്ഫോൺ ശ്രേണിയുടെ വരവ് ബ്ലോഗ് പോസ്റ്റിലൂടെയാണ് അറിയിക്കുന്നത്. അടിസ്ഥാന റെഡ്മി 9, റെഡ്മി 9 പ്രൈം, റെഡ്മി 9 പവർ, റെഡ്മി 9A, റെഡ്മി 9i എന്നിങ്ങനെ അഞ്ച് ഫോണുകളാണ് റെഡ്മി 9 ശ്രേണിയിൽ ഷഓമി ഇന്ത്യയിൽ വിൽക്കുന്നത്. റെഡ്മി 10 ശ്രേണിയിലും നിരവധി സ്മാർട്ട്ഫോണുകളുണ്ടാകും.എന്നാൽ, തത്കാലം അടിസ്ഥാന റെഡ്മി 10 ഫോണിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കാർബൺ ഗ്രേ, പെബിൾ വൈറ്റ്, സീ ബ്ലൂ എന്നിങ്ങനെ 3 നിറങ്ങളിലാവും റെഡ്മി 10 വില്പനക്കെത്തുക. റിപ്പോർട്ട് പ്രകാരം 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ 3 പതിപ്പുകളിലാണ് ആഗോള വിപണിയിൽ റെഡ്മി 10 എത്തുക. ഇതിൽ ആദ്യത്തെ രണ്ട് പതിപ്പുകളും ഒരു റാം കുറവുള്ള മോഡലുമാണ് ഇന്ത്യയിൽ എത്തുക എന്നാണ് സൂചന.
റെഡ്മി 10ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 12.5 ആണ്. 90Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 20:9 ആസ്പെക്ട് റേഷ്യോയുമുള്ള 6.5-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്സലുകൾ) ഡോട്ട് ഡിസ്പ്ലേയാണ് ഫോണിൽ. സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 88 SoC പ്രോസസ്സറാണ്. 18W ഫാസ്റ്റ് ചാർജിംഗും 9W റിവേഴ്സ് ചാർജിംഗ് പിന്തുണയുമുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഫോണിൽ നൽകി. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ക്വാഡ് ക്യാമെറായാണ് റെഡ്മി 10ൽ. 8 മെഗാപിക്സൽ സെൽഫി ക്യാമറയും മുൻവശത്ത് ഉണ്ട്.






