
ഓല ഇലക്ട്രിക് 2023 അവസാനത്തോടെ രാജ്യത്ത് ഇലക്ട്രിക് ഫോർ വീലർ വ്യവസായത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. കമ്പനിയുടെ മാനേജ്മെന്റ് വക്താക്കളാണ് ഈ വിവരം പുറത്തുവിട്ടത്. സ്വാതന്ത്ര്യ ദിനത്തിൽ ആണ് ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ വില വെളിപ്പെടുത്തിയത്. അന്നാണ് കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാളാണ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് കാറുകളിലേക്ക് കടക്കാനുള്ള കമ്പനിയുടെ താൽപര്യം സൂചിപ്പിച്ചത്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യക്കാർക്ക് സമ്മാനമായി ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് ഒല എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ഇലക്ട്രിക് സ്കൂട്ടറിന് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.
ഒല സ്കൂട്ടര്‍ നിരയിലെ ഉയര്‍ന്ന വകഭേദം എസ്-1 പ്രോയാണ്. എസ്-1 പ്രോയില്‍ അടിസ്ഥാന വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി വോയിസ് കണ്ട്രോള്, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്ട്രോള് തുടങ്ങിയ ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്. 90 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. എസ്-1 വേരിന്റിന് 121 കിലോമീറ്റര്‍ റേഞ്ചുണ്ട്. 115 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റര്‍ റേഞ്ചുമുണ്ട്.






