
പ്രമേഹരോഗത്തിന്റെ ഫലമായുണ്ടാകുന്ന ഗുരുതരമായ അവസ്ഥകളിലൊന്നാണ് ന്യൂറോപ്പതി. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കൂടുമ്പോള്‍ നാഡികളിലേക്കുള്ള ചെറിയ രക്തകുഴലുകള്‍ അടയുകയും നാഡികള്‍ക്ക് സാരമായ കേട് സംഭവിക്കുകയും ചെയ്യുന്നതാണ് ന്യൂറോപ്പതി. പ്രമേഹം കൈകാലുകളിലേയോ തലച്ചോറിലേയോ ഞരമ്പുകളെ ബാധിക്കുന്നതിനെ ഡയബറ്റിക് ന്യൂറോപ്പതി എന്നു പറയുന്നു. ഡയബറ്റിക് രോഗമുള്ള എല്ലാവര്ക്കും ന്യൂറോപ്പതി ഉണ്ടാകണമെന്നില്ല. എന്നാല്‍ അമ്പതുശതമാനം പേര്‍ക്കും ഈ അവസ്ഥയ്ക്കുള്ള സാധ്യതയുണ്ട്.
രണ്ടുതരം ന്യൂറോപതി
ഡയബറ്റിക് ന്യൂറോപ്പതിയെ പ്രധാനമായും രണ്ടായി തിരിക്കാം. സിമെട്രിക് ന്യൂറോപ്പതിയെന്നും അസിമെട്രിക് ന്യൂറോപ്പതിയെന്നും. സംവേദന നാഡികളെ ബാധിക്കുന്നതും പേശീനാഡികളെ ബാധിക്കുന്നതും ഓട്ടോണമിക് ന്യൂറോപ്പതിയുമാണ് സിമെട്രിക് വിഭാഗത്തില്‍പെടുന്നത്. തലച്ചോറില്‍ നിന്നുള്ള നാഡികളെ ബാധിക്കുന്ന ന്യൂറോപ്പതി, നെഞ്ചിലെ നാഡികളെ ബാധിക്കുന്ന ന്യൂറോപ്പതി, കൈകാലുകളിലെ നാഡികളെ ബാധിക്കുന്ന ന്യൂറോപ്പതി, എന്ട്രാപ്പ്മെന്റ് ന്യൂറോപ്പതി എന്നിവയാണ് അസിമെട്രിക് ന്യൂറോപ്പതി വിഭാഗത്തില്‍ പെടുന്നത്.
സംവേദന നാഡികളെ ബാധിക്കുമ്പോള്‍
കൈയിലും കാലിലും പെരുപ്പ്, തരിപ്പ്, നീറ്റല്‍, സൂചികൊണ്ട് കുത്തുന്ന പോലുള്ള വേദന എന്നിവയാണ് സംവേദന നാഡിയെ ബാധിക്കുന്ന ന്യൂറോപ്പതിയുടെ ലക്ഷണങ്ങള്‍. തുടര്‍ന്ന് മരവിപ്പ് അനുഭവപ്പെടുന്നു. ചൂടും തണുപ്പുമൊക്കെ അനുഭവിച്ചറിയാനുള്ള സംവേദന ക്ഷമത ത്വക്കിന് നഷ്ടമാകും. പാദങ്ങളിലാണ് രോഗം ആദ്യം അനുഭവപ്പെടുന്നത്. പിന്നീട് കാലിലെ മറ്റ് ഭാഗങ്ങളിലേക്കും രോഗം വ്യാപിക്കുന്നു. കാല്‍മുട്ടിനു താഴെ വരെ രോഗം കീഴടക്കി സംവേദന ക്ഷമത നശിപ്പിക്കും. ഇതേ പോലെ കൈയ്യിലും ഉണ്ടാകും.
കൈപ്പത്തിയില്‍ രോഗം മൂലം മരവിപ്പ് അനുഭവപ്പെടുന്നു. പാദത്തില്‍ ഏതെങ്കിലും തരത്തില്‍ മുറിവുണ്ടായാല്‍ പോലും മരവിപ്പ് കാരണം അറിയാന്‍ കഴിയില്ല. വേദനയോ നീറ്റലോ അനുഭവപ്പെടുകയോ ഇല്ല. കൈപ്പത്തിയിലുണ്ടാകുന്ന ന്യൂറോപ്പതിയാണ് ഗ്ലൗ ആന്‍ഡ് സ്റ്റോക്കിങ്ങ് സെന്‍സറി ലോസ്.

പേശികളിലെ നാഡികളെ ബാധിക്കുമ്പോള്‍
പ്രധാനമായും കൈകാലുകളിലെ പേശികള്‍ ശോഷിച്ചു പോവുകയോ, പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണിത്. പാദങ്ങളില്‍ തുടങ്ങി മുകളിലേക്ക് കയറി തുടയിലെയും കൈകളിലേയും പേശികളെ മോട്ടോര്‍ ന്യൂറോപ്പതി ബാധിക്കുന്നു. പാദങ്ങളില്‍ ആദ്യം വേദനയും നീറ്റലും ഉണ്ടാകുന്നു. പാദരക്ഷകളൂരിപ്പോവുക, പാദങ്ങള്‍ നിലത്ത് ഊന്നി നടക്കാന്‍ കഴിയാതെ വരിക തുടങ്ങിയവ പേശികളുടെ ബലക്ഷയത്തിന്റെ ലക്ഷണങ്ങളാണ്.
പേശികളിലെ നാഡികള്‍ക്ക് ക്ഷതം സംഭവിക്കുമ്പോള്‍ കാണുന്ന പ്രത്യേകമായ സ്ഥിതിവിശേഷമാണ് ഡയബറ്റിക് അമയോട്രോഫി. തുടയിലെ പേശി ശോഷണം, കഠിന വേദന, ഇരുന്നിടത്തുനിന്ന് എഴുന്നേല്ക്കാന് ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയാണ് അമയോട്രോഫിയുടെ ലക്ഷണങ്ങള്‍. സാധാരണ ഒരു കാലില്‍ മാത്രമാണ് രോഗലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുക.
ഡയബറ്റിക് ഓട്ടോണമിക് ന്യൂറോപ്പതി
പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതികളില് ഏറ്റവും ഗുരുതരമായ അവസ്ഥകളിലൊന്നാണ് ഡയബറ്റിക് ഓട്ടോണമിക് ന്യൂറോപ്പതി. ഇതു സാധാരണയായി കാണുന്നത് കൈകാലുകളിലെ നാഡികളെ ബാധിക്കുന്ന ന്യൂറോപ്പതിയുടെ ഉച്ചസ്ഥായിലാണ്. ഹൃദയമിടിപ്പ്, ചെറുകുടല്‍, വന്‍കുടല്‍ എന്നിവയുടെ ചലനം, ലൈംഗികശേഷി, ശരീരത്തിലെ വിയര്‍പ്പിന്റെ അളവ് എന്നിവയെയാണ് ബാധിക്കുക.
മൂത്രാശയ നാഡികളേയും ഓട്ടോണമിക് ന്യൂറോപ്പതി ബാധിക്കുന്നു. ഇതു ബാധിക്കുന്നവര്‍ക്ക് ദഹനത്തിന് പ്രശ്നങ്ങളുണ്ടാകുന്നു. ഇരുന്നിടത്തു നിന്നും പെട്ടെന്ന് എഴുന്നേല്ക്കുമ്പോള് കണ്ണില്‍ ഇരുട്ടു വീഴുകയും തലകറക്കമുണ്ടാവുകയും ചെയ്യുന്നു. ബി. പി.യും കൂടും. പുരുഷന്മാരായ പ്രമേഹ രോഗികള്‍ക്കുണ്ടാകുന്ന ഓട്ടോണമിക് ന്യൂറോപ്പതിയുടെ പ്രധാന ലക്ഷണമാണ് ലിംഗത്തിന്റെ ഉദ്ധാരണം നഷ്ടപ്പെടുന്നത്. പത്തുവര്‍ഷത്തോളം പ്രമേഹരോഗം ചികിത്സിക്കാതിരുന്നാല്‍ 90 ശതമാനം പുരുഷന്മാരിലും ലിംഗത്തിന്റെ ഉദ്ധാരണശേഷി നഷ്ടപ്പെടും.
തലച്ചോറിലെ നാഡികളെ ബാധിക്കുന്ന ന്യൂറോപ്പതി
പ്രമേഹം തലച്ചോറിലെ നാഡികളെ ബാധിക്കുന്നതാണ് ക്രാനിയല്‍ ന്യൂറോപ്പതി എന്ന ഈ അവസ്ഥ. തലച്ചോറില്‍ നിന്നും പുറത്തേക്ക് വരുന്ന നാഡികളെ പ്രമേഹം തളര്‍ത്തും. കണ്ണുകളുടെ ചലനശേഷി നഷ്ടപ്പെടുക, കണ്ണുകള്‍ തുറക്കാന്‍ കഴിയാതെ വരിക, വായ ഉള്‍പ്പെടെ മുഖം കോടിപ്പോവുക, ആ വശത്തെ കണ്ണ് അടയ്ക്കാന്‍ കഴിയാതെ വരുക. എന്നിവയെല്ലാം ക്രാനിയല്‍ ന്യൂറോപ്പതിയുടെ ലക്ഷണങ്ങളാണ്.
എന്ട്രാപ്പ്മെന്റ് ന്യൂറോപ്പതി
നാഡികള്‍ കുടുങ്ങിേപ്പാകുന്ന അവസ്ഥയാണിത്. കൈകളിലെ സ്പര്‍ശന നാഡികളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. കൈകളിലേക്കുവരുന്ന സ്പര്‍ശന നാഡി കണങ്കൈയുടെ ഭാഗത്ത് അമരുന്നു. ഇതു മൂലം ഉള്ളം കയ്യില്‍ തരിപ്പ്, കൈകള്‍ക്ക് വേദന, പേശീവേദന തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെടും. ഇതിനെ കാര്‍പ്പല്‍ ടണല്‍ സിഡ്രോം എന്നു പറയുന്നു. ഈ രോഗമുള്ളവര്‍ക്ക് രാത്രി കാല ങ്ങളില്‍ തരിപ്പും വേദനയും കൂടുന്നു.
ചികിത്സ എങ്ങനെ?
ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതു നോക്കിയിരിക്കാതെ രക്ത പരിശോധന നടത്തി പ്രമേഹ രോഗം ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുക എന്നതു മാത്രമാണ് ഒരു പോംവഴി. ഇതിനായി ജീവിതശൈലിയില്‍ മാറ്റം വരുത്തണം. ഭക്ഷണ രീതി ക്രമീകരിച്ചും വ്യായാമത്തിലൂടെയും ഇന്‍സുലിന്‍ കുത്തിവച്ചും രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാം ഫിസിയോതെറാപ്പിയും സഹായകരമാകും. മരുന്നുകള്‍ ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ജോതിദേവ് കേശവദേവ്
കണ്‍സള്‍ട്ടന്റ് ഇന്‍
ഡയബറ്റിസ് ആന്‍ഡ്
ജെറിയാട്രിക്സ്,
ജോതിദേവ് ഡയബറ്റിസ് സെന്റര്‍,
തിരുവനന്തപുരം