
കേരളത്തിന് കെഎൽ, തമിഴ്നാടിന് ടിഎൻ എന്നതുപോലെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അതിന്റെതായ ആർടിഓ കോഡ് ഉണ്ട്. ഇപ്പോളിതാ ഇന്ത്യയൊട്ടാകെ വാഹനം ഉപയോഗിക്കാൻ ബിഎച്ച് (BH) റെജിസ്ട്രേഷൻ ശ്രേണി അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ എന്നാണ് റിപ്പോർട്ട്. അതുകൊണ്ടു തന്നെ ഇനി ഓരോ പ്രാവശ്യവും ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് സ്ഥലം മാറിപ്പോവുമ്പോൾ നിങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ ഇനി മാറ്റേണ്ടി വരില്ല.
റിപ്പോർട്ട് അനുസരിച്ചു കേന്ദ്ര & സംസ്ഥാന സർക്കാരുകളുടെ ജീവനക്കാർ, പ്രതിരോധ ഉദ്യോഗസ്ഥർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവരുടെ വാഹനങ്ങളുടെ രജിസ്ട്രേഷനായാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം 'ഭാരത് സീരീസ്' (ബിഎച്ച്) അവതരിപ്പിക്കാനൊരുങ്ങുന്നത്. രാജ്യമെമ്പാടും വാലിഡിറ്റിയുള്ള ബിഎച്ച് രജിസ്ട്രേഷൻ സ്വമേധയാ തിരഞ്ഞെടുക്കാവുന്നതാണ്. നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്കും തങ്ങളുടെ വാഹനത്തിന് ഭാരത് സീരീസിലുള്ള രജിസ്ട്രേഷൻ തിരഞ്ഞെടുക്കാമെന്നാണ് സൂചന.
റിപ്പോർട്ട് പ്രകാരം ബിഎച് സീരീസിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ 4, 6, 8 വർഷത്തേക്കാണ് റോഡ് ടാക്സ് അടക്കേണ്ടത്. ഇത് ഉടമയ്ക്ക് തീരുമാനിക്കാം. പുതിയ സംസ്ഥാനത്ത് വാഹനം മാറ്റുമ്പോൾ ആ സംസ്ഥാനത്ത റോഡ് ടാക്സ് മേല്പറഞ്ഞതുപോലെ എത്ര വർഷത്തേക്ക് വേണമോ അത്രയും വർഷത്തേക്ക് അടക്കാം.നിലവിൽ സ്വകാര്യ വാഹനങ്ങൾ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുമ്പോൾ, ഉടമകൾ 15 വർഷത്തെ റോഡ് നികുതി മുൻകൂറായി അടയ്ക്കേണ്ടതുണ്ട്.






