
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ക്ക് മറുപടി. തെറ്റായ ധാരണകള്‍ പലപ്പോഴും ഗര്‍ഭകാലം സംഘര്ഷഭരിതമാക്കാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാന്‍ ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമുള്ള ശരിയായ അറിവ് സഹായിക്കും
പ്രസവശേഷം ലൈംഗികബന്ധം
1. 30 വയസ്. എട്ട് മാസം ഗര്‍ഭിണിയാണ്. സാധാരണ പ്രസവമായിരിക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പ്രസവശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇടവേള ആവശ്യമാണോ. ഈ സമയത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ വീണ്ടും ഗര്‍ഭിണിയാകാനുള്ള സാധ്യതയുണ്ടോ?
---- മിസിസ് ജെ.പി , എറണാകുളം
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള മാനസിക പൊരുത്തമാണ് പ്രസവശേഷമുള്ള ലൈംഗികബന്ധത്തില്‍ ഏറ്റവും പ്രധാനം. നിങ്ങള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെങ്കില്‍ പ്രസവശേഷം എപ്പോള്‍ വേണമെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടാവുന്നതാണ്. പ്രസവശേഷമുള്ള തുന്നലാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ഏക തടസം.
സാധാരണഗതിയില്‍ ഒന്നരമാസം കൊണ്ട് മുറിവ് കരിയുന്നതാണ്. ഇവിടെ മാനസികമായ ഒരുക്കമാണ് പ്രധാനം. കുഞ്ഞ് ഉണ്ട് എന്ന കാരണത്താല്‍ ചില സ്ത്രീകള്‍ ലൈംഗികബന്ധത്തോട് വിയോജിപ്പ് കാണിക്കും. അതിന്റെ ആവശ്യമില്ല. പ്രസവശേഷം കുഞ്ഞിനെ പാലൂട്ടുന്നതിനാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറവാണ്. എന്നാലും ശാരീരികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉടന്‍ ഗര്‍ഭിണിയാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതാണ് നല്ലത്.
സ്തന സൗന്ദര്യം നഷ്ടപ്പെടുത്തുമോ?
2. അഞ്ചു മാസം ഗര്‍ഭിണിയാണ്. എയര്‍പോര്‍ട്ടിലാണ് ജോലി ചെയ്യുന്നത്. മെലിഞ്ഞ ശരീരപ്രകൃതിയാണ് എനിക്ക്. സ്തനങ്ങളുടെ വലിപ്പം കൂടുന്നതാണ് എന്നെ അലട്ടുന്ന പ്രശ്നം. പ്രസവശേഷം എന്റെ ശരീര സൗന്ദര്യം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഞാന്‍. പ്രസവവും മുലയൂട്ടലും സ്തനങ്ങളുടെ ആകൃതിക്ക് മാറ്റം വരുത്തുമോ? സ്തനങ്ങള്‍ താഴോട്ട് ചായുന്നത് ഒഴിവാക്കാന്‍ എന്താണു ചെയ്യേണ്ടത്?
---- രേഷ്മ ,തിരുവനന്തപുരം
ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും ശരീരത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കഴിക്കുന്ന ആഹാരം, വ്യായാമത്തിന്റെ അഭാവം എന്നിവമൂലം ഗര്‍ഭിണികള്‍ തടിവയ്ക്കാറുണ്ട്. മാത്രമല്ല സ്വാഭാവികമായി ഗര്‍ഭിണിയുടെ ഭാരം 10 -15 കിലോവരെ കൂടാറുണ്ട്. ഇത്തരം ശാരീരിക മാറ്റങ്ങളുടെ ഫലമായി സ്തനങ്ങളും വലുതാകുന്നു. കുഞ്ഞിന് പാല് കൊടുക്കാന്‍വേണ്ടി അമ്മയെ പ്രകൃതി ഒരുക്കുന്നതിന്റെ ഭാഗമായി പാല് ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ വലിപ്പം കൂടുന്നു. അത് മാനസികമായി തളരേണ്ട അവസ്ഥയല്ല. കുഞ്ഞിനുവേണ്ടി അമ്മയ്ക്കു ചെയ്യാവുന്ന പ്രാഥമികവും ഉത്തരവാദിത്വപ്പെട്ടതുമായ ചുമതലയാണ് മുലയൂട്ടല്‍.
അമ്മയുടെ പാലില്‍ നിന്നാണ് കുഞ്ഞിനാവശ്യമായ പോഷകങ്ങളും കുഞ്ഞിന്റെ രോഗപ്രതിരോധ ശക്തിക്കാവശ്യമായ ഘടകങ്ങളും ലഭിക്കുന്നത്. അതിനാല്‍ ശരീരത്തിലുണ്ടാകുന്ന ചെറിയ സൗന്ദര്യ പ്രശനങ്ങളെക്കുറിച്ചോര്ത്ത് നിങ്ങള്‍ വിഷമിക്കരുത്. പ്രസവശേഷം സ്തനങ്ങള്‍ ഇടിയുന്നത് ഒഴിവാക്കാന്‍ മുലയൂട്ടുന്ന രീതിയില്‍ ശ്രദ്ധിക്കണം. പ്രസവശേഷം ശരിയായ മുലയൂട്ടല്‍ രീതിയെക്കുറിച്ചു ഡോക്ടറോ, നഴ്സോ പറഞ്ഞുതരുന്നതാണ്. സ്തനങ്ങള്‍ക്കു താങ്ങുനല്‍കുന്ന ബ്രാ വേണം ധരിക്കാന്‍. ഇത് കൃത്യമായ അളവിലുള്ളതായിരിക്കണം ഇതിലൂടെ സ്തന സൗന്ദര്യം കാത്തു സൂക്ഷിക്കാം.
ഗര്‍ഭിണി വയറിടിച്ചു വീണാല്‍
3. 5 മാസം ഗര്‍ഭിണിയാണ്. കഴിഞ്ഞമാസം കുളിമുറിയില്‍ വയറിടിച്ചു വീണു. ഉടന്‍ ഡോക്ടറുടെ അടുത്തുപോയി പരിശോധനകള്‍ നടത്തി. കുഴപ്പമൊന്നുമില്ലെന്നും. എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വരണമെന്നും ഡോക്ടര്‍ പറഞ്ഞു. ഈ വീഴ്ച ഏതെങ്കിലും തരത്തില്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുമോ? പരിശോധനയില്‍നിന്നും ഇത്തരം പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കഴിയില്ലേ? പ്രസവത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുമോ തുടങ്ങിയ ആശങ്കകളിലാണു ഞാന്‍.
--- ദീപ കൃഷ്ണന് , മാന്തുരുത്തി
ഡോക്ടറെകണ്ട് പരിശോധനകളെല്ലാം നടത്തി കുഴപ്പമില്ലെന്ന് പറഞ്ഞതിനാല്‍ ഇനി പേടിക്കേണ്ടതില്ല. ഇത്തരം സാഹചര്യത്തില്‍ സ്കാന്‍ ചെയ്യ്തു നോക്കാറുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ നിങ്ങളുടെ കത്തില്‍നിന്നും വ്യക്തമല്ല. സ്കാന്‍ ചെയ്യ്തിരുന്നു എന്ന് കരുതുന്നു. കുട്ടിക്കോ മറുപിള്ളയ്ക്കോ എന്തെങ്കിലും കുഴപ്പം ഉണ്ടോയെന്ന് ഈ സ്കാനിങ്ങിലൂടെ അറിയാം.
ഡോക്ടര്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് കുട്ടിക്ക് ഭാവിയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. പ്രസവത്തിനും ബുദ്ധിമുട്ടൊന്നും അനുഭവപ്പെടുകയില്ല. ആശങ്കകള്‍ ഒഴിവാക്കി. സുഖപ്രസവത്തിനായി ഒരുങ്ങുക. വീഴ്ചകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയും വേണം.