
കൊച്ചി: ഐക്യം തകർക്കുന്ന ഐക്യരൂപം എറണാകുളം അതിരൂപതയിൽ അടിച്ചേൽപ്പിക്കാൻ നോക്കുന്ന കർദിനാൾ ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ച പള്ളികളുടെ മുന്നിൽ വിശ്വാസികളുടെ നേതൃത്വത്തിൽ ഇടയലേഖനം പരസ്യമായി കത്തിച്ചു കൊണ്ട് അല്മായ മുന്നേറ്റം അതിരൂപത സമിതിയുടെ പ്രതിഷേധം.
സിനഡ് തീരുമാനം അടിച്ചേൽപ്പിക്കാനുള്ള കർദിനാൾ ആലഞ്ചേരിയുടെ ആഹ്വാനം എറണാകുളം അതിരൂപതയിലെ വൈദീക സമ്മേളനം ഐക്യകണ്ഠമായി തള്ളി കളഞ്ഞിരുന്നു. വൈദീക സമ്മേളനം എടുത്ത തീരുമാനം അട്ടിമറിച്ചു ഇടലേഖനം വായിച്ച പള്ളികളുടെ മുന്നിൽ അതേ സമയത്തു തന്നെ കത്തിച്ചുകൊണ്ട് എറണാകുളം അതിരൂപതയിലെ വിശ്വാസികൾ പ്രതിഷേധിച്ചു. സിനഡ് തീരുമാനം അടിച്ചേൽപ്പിക്കുന്നതിന് എതിരെ ഇന്നലെ എറണാകുളം അതിരൂപതയിലെ 16ഫൊറോന വികാരിമാരും സംയുക്തമായി ഒപ്പിട്ടു സഭാ ട്രിബുണലിന് അപ്പീൽ ഫയൽ ചെയ്തിരുന്നു.
എറണാകുളം അതിരൂപതയിലെ 338പള്ളികൾ, കോൺവെന്റകൾ, സ്ഥാപനങ്ങൾ ഉൾപ്പെടെ 400ഇടങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിട്ടും ആകെ 14പള്ളികളിൽ മാത്രമേ ഇടയലേഖനം വായിച്ചുള്ളു. കർദിനാൾ ആലഞ്ചേരിയുടെ സാമ്പത്തിക തട്ടിപ്പിന് കൂട്ട് നിന്ന വൈദീകർ ചുമതല വഹിക്കുന്ന 14പള്ളികളിൽ മാത്രമാണ് ഇടയാലേഖനം വായിച്ചത്. ഈ പള്ളികളിൽ എല്ലായിടത്തും അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ വിശ്വാസികൾ ഇടയലേഖനം കത്തിച്ച് പ്രതിഷേധിച്ചതായി അല്മായ മുന്നേറ്റം വ്യക്തമാക്കി.






