
മണ്ട്‌ല: ആംബുലൻസ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടർന്ന് മധ്യപ്രദേശിലെ മണ്ട്‌ല ജില്ലയിൽ യുവതി ഓട്ടോറിക്ഷയ്ക്കുള്ളിൽ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. എന്നാൽ അകാലത്തിൽ ജനിച്ച നാല് നവജാതശിശുക്കളും പ്രസവത്തിന് പിന്നാലെ മരിച്ചു.
മണ്ട്‌ല ജില്ലയിലെ ബിഛിയ ബ്ലോക്കിലെ നൈഗൻവ ഗ്രാമത്തിലാണ് സംഭവം. ഏഴുമാസം ഗർഭിണിയായ രാജ്‌നി സിംഗ്രാം (28) എന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം 108 ആംബുലൻസ് സേവനം തേടിയെങ്കിലും സമയത്ത് ലഭ്യമായില്ലെന്നാണ് പരാതി.
തുടർന്ന് സ്വകാര്യ വാഹനത്തിൽ രാജ്‌നിയെ ഘൂട്ടാസ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബിഛിയയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റുന്നതിനിടെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ചാണ് യുവതി നാല് കുഞ്ഞുങ്ങൾക്കും ജന്മം നൽകിയത്.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നാല് കുഞ്ഞുങ്ങളും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രസവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന രാജ്‌നിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തങ്ങൾക്ക് മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ജനിച്ചതെന്നും, കൃത്യസമയത്ത് ആംബുലൻസ് ലഭിച്ചിരുന്നെങ്കിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നും രാജ്‌നിയും ഭർത്താവ് ധനേഷും പറഞ്ഞു.






