
കൊല്ലം: ദോശയ്ക്ക് ചമ്മന്തി നൽകാത്തതിനെ തുടർന്ന് തട്ടുകടയിൽ അക്രമം നടത്തിയ കേസിൽ കാപ്പ പ്രതി അറസ്റ്റിൽ. മുഖത്തല പാങ്കോണം സ്വദേശി അജ്മൽ (36) നെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുണ്ടാ വിരുദ്ധ നടപടികളുടെ ഭാഗമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പ്രകാരമാണ് നടപടി. അക്രമക്കേസുകൾക്ക് പുറമെ മയക്കുമരുന്ന് കേസുകളിലും പ്രതിയാണ് ഇയാൾ.
കണ്ണനല്ലൂരിലെ തട്ടുകടയിൽ ചമ്മന്തി ലഭിക്കാത്തതിനെ തുടർന്ന് അക്രമം നടത്തിയതടക്കം നാല് ക്രിമിനൽ കേസുകളാണ് അജ്മലിനെതിരെയുള്ളത്. വിവിധ കേസുകളിലായി അഞ്ച് തവണ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചാത്തന്നൂർ എ.സി.പിയുടെ നിർദേശപ്രകാരം വീട്ടിൽ നിന്നാണ് കൊട്ടിയം പൊലീസ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






