
ഭോപ്പാല്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശിലെ റായ്പൂരില്‍ ക്രിസ്ത്യന്‍ പാസ്റ്റര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം. സ്റ്റേഷനില്‍ പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചതായിരുന്നു പാസ്റ്ററേയും സഹപ്രവര്‍ത്തകരേയും. ഈ സമയം സ്റ്റേഷനിലെത്തിയ ഹിന്ദുത്വ പ്രവര്‍ത്തകരായ ഒരു കൂട്ടം ആളുകള്‍ ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. റായ്മപുരിലെ പുരാനി ബസ്തി സ്റ്റേഷനിലാണ് സംഭവം.
ഭട്ടഗണ് മേഖലയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന് പരാതികള്‍ ലഭിച്ചതോടെയാണ് പോലീസ് ഇവരെ വിളിപ്പിച്ചത്. ഇതറിഞ്ഞെത്തിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പാസ്റ്ററെ ആക്രമിക്കുകയായിരുന്നു ചെരുപ്പുകള്‍ കൊണ്ട് ഇയാളെ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. പോലീസ പാസ്റ്ററെ സ്റ്റേഷന് ഓഫീസറുടെ മുറിയിലേക്ക് മാറ്റിയാണ് രക്ഷപ്പെടുത്തിയത്.
സ്റ്റേഷനിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.





