
ഗര്‍ഭധാരണം ഏറെ കരുതലും ശ്രദ്ധയും ആവശ്യമായ സമയമാണ്. ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടാകുന്ന പല രോഗങ്ങളും ഭാവിയില്‍ കുഞ്ഞിനെ ഗുരുതരമായി ബാധിച്ചേക്കാം. ജീവിതശൈലീ രോഗങ്ങളുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിനുമുമ്പ് തന്നെ അവ നിയന്ത്രിക്കണം. അതുപോലെതന്നെ ഗര്‍ഭാവസ്ഥയില്‍ എന്തെങ്കിലും രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നതും കരുതലോെടയായിരിക്കണം. രോഗങ്ങളുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിനുമുമ്പ് തന്നെ കരുതലുകള്‍ എടുക്കുകയാണെങ്കില്‍ പ്രസവസമയത്ത് ഉണ്ടാകാവുന്ന സങ്കീര്‍ണതകളെ ഒഴിവാക്കി നിര്ത്താവുന്നതാണ്്.
പ്രമേഹം
ഗര്‍ഭിണികളില്‍ സാധാരണയായി കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. അഞ്ചാം മാസം മുതലാണ് ഗര്‍ഭധാരണത്തിനു ശേഷമുള്ള പ്രമേഹം കണ്ടുവരുന്നത്. സാധാരണ പ്രമേഹ പരിശോധനയിലൂടെ ഇത് അറിയാന്‍ കഴിയണമെന്നില്ല. ഗ്ലൂക്കോസ് നല്‍കിക്കൊണ്ട് നടത്തുന്ന പ്രത്യേക പരിശോധനാ രീതിയായ ജി.ടി.ടി (ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്) യിലൂടെ ഗര്‍ഭിണികളില്‍ പ്രമേഹം തിരിച്ചറിയാം. ഇതിനുശേഷമാണ് ചികിത്സ ആരംഭിക്കുന്നത്.
പ്രമേഹമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഉടന്‍തന്നെ പ്രമേഹത്തിനു കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തി ഡോക്ടറെ കാണണം.
പ്രമേഹരോഗത്തിന് കഴിക്കുന്ന മരുന്നുകള്‍ കുഞ്ഞിന്റെ അംഗവൈകല്യത്തിനുവരെ കാരണമാകാം. അതിനാല്‍ ഗുളികകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അതു നിര്‍ത്തി ഇന്‍സുലിന്‍ കുത്തിവയ്പ്പ് എടുക്കണം. പ്രമേഹമുള്ള അമ്മയ്്ക്ക് രക്തസമ്മര്‍ദം വരാനുള്ള സാധ്യതയുമുണ്ട്. പ്രസവസമയത്ത് ഇവര്‍ക്ക് ബ്ലീഡിംഗ് ഉണ്ടാകാം. അനിയന്ത്രിതമായ പ്രമേഹമുള്ളവര്‍ക്ക് ജനിക്കുന്ന കുട്ടിക്ക് അമിത ഭാരം, വൈകല്യങ്ങള്‍, നട്ടെല്ലിന് പ്രശ്നങ്ങള്‍, ഹൃദയസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്കും ചിലപ്പോള്‍ കുട്ടിമരിക്കുന്നതിനുവരെ ഇത് കാരണമായേക്കാം.
ഗര്‍ഭധാരണത്തിനു മുന്‍പ് പ്രമേഹം നിയന്ത്രിക്കണം
പ്രമേഹമുള്ളവര്‍ ഗര്‍ഭം ധഭിക്കുന്നതിനുമുമ്പുതന്നെ ഭക്ഷണനിയന്ത്രണത്തിലൂടെയും മരുന്നുകള്‍ കൃത്യമായി കഴിക്കുന്നതിലൂടെയും രോഗം നിയന്ത്രണ വിധേയമാക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തണം. കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കണം. പ്രമേഹനിരക്ക് കൂടുതലുള്ളവര്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടതായും വരാം. പ്രമേഹമുള്ള ഗര്‍ഭിണികള്‍ക്ക് 37 ആഴ്ച കഴിയുമ്പോള്‍ സിസേറിയന് വിധേയമാക്കിയോ വേദനയ്ക്കുള്ള മരുന്നു നല്‍കിയോ കുഞ്ഞിനെ പുറത്തെടുക്കുന്നു. പ്രസവശേഷം ഈ കുട്ടികളില്‍ കത്സ്യം കുറയുക, ഷുഗര്‍ കുറയുക, ശ്വാസംമുട്ടല്‍, മഞ്ഞപ്പിത്തം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. പ്രമേഹരോഗമുള്ള അമ്മമാര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കും ഭാവിയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹ സാധ്യത കൂടുതലാണ്.
രക്തസമ്മര്‍ദം
പ്രമേഹം പോലെതന്നെ അമിത രക്തസമ്മര്‍ദവും ഗര്‍ഭിണികളില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാം. കുട്ടിയ്ക്ക് വളര്‍ച്ചക്കുറവ്, കുട്ടി ഉള്ളില്‍ കിടന്ന് മരിക്കുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഗര്ഭാവസ്ഥയിശല രക്തസമ്മര്‍ദത്തിന്റെ അനന്തര ഫലമാണ്. കുഞ്ഞിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഫ്ളൂയിഡിന്റെ അളവ് കുറഞ്ഞു പോകാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ ഇടയ്ക്കിടെ സ്കാനിങ് നടത്തണം.
പ്രമേഹ രോഗമുള്ളവര്‍ ഗര്‍ഭം ധരിച്ചാല്‍ കഴിക്കുന്ന മരുന്നുകള്‍ മാറ്റി ഗര്‍ഭാവസ്ഥയില്‍ കഴിക്കാവുന്നതരം ഡോസ് കുറഞ്ഞ മരുന്നുകള്‍ കഴിക്കണം. ഗര്‍ഭിണിയായതിനു ശേഷവും രക്തസമ്മര്‍ദം പിടിപ്പെടാം ഗര്‍ഭിണിയായി 20 ആഴ്ചകള്‍ക്കു ശേഷമായിരിക്കും ഇവരില്‍ പ്രമേഹം കാണപ്പെടുന്നത്. കാലിലും മുഖത്തും കാണപ്പെടുന്ന നീരാണ് പ്രധാന ലക്ഷണം.
ഗര്‍ഭിണികള്‍ രക്തസമ്മര്‍ദം നിയന്ത്രിച്ചില്ലെങ്കില്‍ കരള്‍, വൃക്ക, ഹൃദയം എന്നീ അവയവങ്ങള്‍ക്ക് തകരാറുകള്‍ ഉണ്ടാകനും ഗര്‍ഭാവസ്ഥയില്‍ ഫിറ്റ്സ് വരുന്നതിനും ഇടയാക്കാം. രക്തസമ്മര്‍ദം നിയന്ത്രിക്കാം.
1. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക.
2. മരുന്നു ശരിരയാ രീതിയില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിക്കുക.
3. ഇടയ്ക്കിടെ വൃക്ക, കരള്‍ എന്നിവയുടെ പരിശോധനകള്‍ നടത്തണം.
4. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കുടുതലായി ഉള്‍പ്പെടുത്തുക.
5. തലവേദന, കാഴ്ചയ്ക്കു വ്യത്യാസം, കാലിലും മുഖത്തും നീര് തുടങ്ങിയവ ഉണ്ടായാല്‍ നിസാരമായി കാണാതെ ഡോക്ടറെകണ്ട് ചികിത്സ ലഭ്യമാക്കണം.
38- 39 ആഴ്ച കഴിയുമ്പോള്‍ ഇവരെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണം.
അപസ്മാരം
അപസ്മാരരോഗികള്‍ക്ക് വിവാഹ ജീവിതം സാധ്യമാണോയെന്ന സംശയം പലരെയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇവര്‍ക്ക് വിവാഹം കഴിക്കുന്നതിനോ ഗര്‍ഭം ധരിച്ച് പ്രസവിക്കുന്നതിനോ യാതൊരു കുഴപ്പവുമില്ല. ഗര്‍ഭധാരണത്തിനുമുമ്പ് ചില മുന്‍കരുതലുകളെടുക്കണമെന്നു മാത്രം. അപസ്മാരത്തിനു അമ്മ കഴിക്കുന്ന മരുന്നുകള്‍ കുഞ്ഞിനെ പലരീതിയിലും ബാധിക്കാം.
കുഞ്ഞിന്റെ നട്ടെല്ല്, ഹൃദയം, തല, കൈവിരലുകള്‍ എന്നീ ഭാഗങ്ങള്‍ക്ക് വൈകല്യമുണ്ടാകാം. അതിനാല്‍ അപസ്മാര രോഗികള്‍ ഗര്‍ഭധാരണത്തിനുമുമ്പുതന്നെ ഡോക്ടറെകണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഗര്‍ഭധാരണത്തിനു മൂന്നുമാസം മുമ്പുതന്നെ ഇവര്‍ നിര്‍ബന്ധമായും ഫോളിക് ആസിഡ് ഗുളികകള്‍ കഴിച്ചു തുടങ്ങണം. സാധാരണയായി ഗര്‍ഭിണിയായ ശേഷം അപസ്മാരത്തിനു കഴിച്ചുകൊണ്ടിരിക്കുന്ന ഗുളികകളുടെ ഡോസ് ഡോക്ടറെ കണ്ട് കൂട്ടേണ്ടിവരാം.
ഗര്‍ഭാവസ്ഥയില്‍ അപസ്മാരം പൂര്‍ണമായും വരാതിരിക്കുന്നതിനു വേണ്ടിയാണിത്. കുട്ടിയ്ക്കു വളര്‍ച്ചക്കുറവ്, മാസം തികയാതെയുള്ള പ്രസവം, മറുപിള്ള നേരത്തെ വിട്ടുപോവുക മുതലായ ഗുരുതരമായ പ്രശ്നങ്ങളും പ്രസവത്തോടനുബന്ധിച്ച് ഉണ്ടാകാം. ഗര്‍ഭിണികളില്‍ അപസ്മാരം ഉണ്ടായാല്‍ ബോധക്ഷയംവന്ന് രക്തയോട്ടം കുറഞ്ഞ് കുഞ്ഞ് മരിച്ചു പോകുന്നതിനു കാരണമാകാം.
1. ന്യൂറോളജിസ്റ്റിനെയും ഗൈനക്കോളജിസ്റ്റിനെയും കൃത്യമായ ഇടവേളകളില്‍ കണ്ട് പരിശോധന നടത്തണം.
2. കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒരു കാരണവശാലും ഡോക്ടറുടെ നിര്‍ദേശമില്ലാതെ നിര്‍ത്തരുത്. തുടര്‍ച്ചയായി മരുന്നുകള്‍ കഴിയ്ക്കുക.
3. പനിയോ ചുമയോ വന്നാല്‍ സ്വയം ചികിത്സയ്ക്കു മുതിരരുത്.
4. എല്ലാം ആധുനിക സൗകര്യങ്ങളുമുള്ള ആശുപത്രികള്‍ വേണം ഇവര്‍ പ്രസവത്തിനായി തിരഞ്ഞെടുക്കാന്‍.
ആസ്ത്മ
ആസ്തമരോഗമുള്ളവര് ഗര്‍ഭം ധരിക്കുമ്പോള്‍ ആസ്ത്മയുണ്ടാക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് പകരം ഇന്‍ഹേലര്‍ ഉപയോഗിക്കുക. ആസ്ത്മയുള്ള അമ്മമാര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്ക് ആസ്ത്മ ഉണ്ടാകും എന്ന ധാരണ തെറ്റാണ്. മറ്റനവധി ഘടകങ്ങളാണ് ഇത് നിര്‍ണയിക്കുന്നത്. ആസ്ത്മ വിവാഹത്തിനോ ഗര്‍ഭധാരണത്തിനോ ഒരു തടസവും സൃഷ്ടിക്കുന്നില്ല.
മൂത്രത്തില്‍ പഴുപ്പ്
പൊതുവേ മിക്കവര്‍ക്കും കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണ് മൂത്രത്തില്‍ പഴുപ്പ്. മൂത്ര പരിശോധനയിലൂടെ ഇത് അറിയാന്‍ കഴിയും. മാസം തികയാതെയുള്ള പ്രസവം, ഫ്ളൂയിഡ് പൊട്ടിപോകുക തുടങ്ങിയവക്കൊക്കെ ഇത് കാരണമാകം. അനുയോജ്യമായ ആന്റിബയോട്ടിക് ചികിത്സയിലൂടെ ഈ രോഗം പൂര്‍ണമായും മാറ്റാവുന്നതാണ്്
1. മൂത്രത്തില്‍ പഴുപ്പുള്ളവര്‍ അത് ചികിത്സിച്ചു മാറ്റിയശേഷം ഗര്‍ഭം ധരിക്കുക.
2. ഗര്‍ഭിണികള്‍ ദിവസവും 10- 15 ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണം.
3. ഗുഹ്യഭാഗങ്ങള്‍ വൃത്തിയാക്കി വയ്ക്കുക.
4. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക.
ശസ്ത്രക്രിയകള്ക്കുശേഷം ഗര്‍ഭധാരണം
1. അപ്പന്ഡിസൈറ്റിസ്പോലുള്ള ശസ്ത്രക്രിയകള്‍ കഴിഞ്ഞ് രണ്ടു മാസത്തിനുശേഷമേ ഗര്‍ഭം ധരിക്കാവൂ. മുറിവുകള്‍ നന്നായി ഉണങ്ങുന്നതിനുമുമ്പുള്ള ഗര്‍ഭധാരണം അണുബാധയ്ക്കു കാരണമാവാം.
2. വയര്‍ തുറന്നുള്ള ശസ്ത്രക്രിയകള്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്.
ഗര്‍ഭിണികള്‍ മരുന്നു കഴിക്കുമ്പോള്‍
1. പാരസെറ്റമോള്‍ ഗുളികകള്‍ ഗര്‍ഭിണികള്‍ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
2. ജലദോഷത്തിന് ആവി പിടിക്കുന്നതാണ് ഉത്തമം. മരുന്നുകള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
3. വൈറ്റമിന്‍ ഗുളികകളല്ലാതെ മറ്റൊരു ഗുളികയും ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കരുത്.
4. വേദനസംഹാരികള്‍, മൂത്രത്തിലെ അണുബാധയ്ക്കു കഴിക്കുന്ന ആന്റിബയോട്ടിക്കുകള്‍, ഹോര്‍മോണ്‍ ഗുളികള്‍ എന്നിവ ഒഴിവാക്കണം.
റിസര്‍ച്ച് ഡെസ്ക്
ആരോഗ്യമംഗളം