
മംഗലൂരു: കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലായ് അവസാനവാരമാണ് യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റത്. പതിവ് ഡയാലിസിസിനായി യെനെപോയ ആശുപത്രിയില്‍ എത്തിയപ്പോള്‍ വീഴ്ചയെ തുടര്‍ന്ന് തലവേദന അനുഭവപ്പെടുന്നായി അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലച്ചോറില്‍ രക്തംകട്ടപിടിച്ചതായി കണ്ടെത്തിയതും. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് ഓസ്കാര്‍ ഫെര്‍ണാണ്ടസ്. യുപിഎ മന്ത്രിസഭയില്‍ തൊഴില്‍, റോഡ്, ഉപരിതല ഗതാഗത, എന്‍.ആര്.ഐ വകുപ്പുകള്‍ വഹിച്ചിരുന്നു. രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നു. തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കേ അദ്ദേഹം കൊണ്ടുവന്ന നിയമങ്ങളും തൊഴിലാളി സംഘടനകളുടെ പ്രശ്നങ്ങളില്‍ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു.
1980ലാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും ആദ്യമായി ലോക്സഭയിലെത്തിയത്. 1984, 1989, 1991, 1996 വര്‍ഷങ്ങളിലും ഇതേ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1998ലും 2004ലും രാജ്യസഭയിലെത്തി.
കോണ്‍ഗ്രസില്‍ തലമുറമാറ്റം വന്നപ്പോഴും രാഹുല്‍ ഗാന്ധിയ്ക്കൊപ്പം അദ്ദേഹം ഉറച്ചുനിന്നു. വിവാദ പ്രസ്താവനകള്‍ക്കോ മറ്റും അദ്ദേഹം നിന്നുകൊടുത്തിരുന്നില്ല. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നുള്ള അച്ചടക്കമുള്ള പ്രവര്‍ത്തകനായാണ് അദ്ദേഹം അവസാന കാലം വരെ മുന്നോട്ടുപോയത്.
ഭാര്യ: ബ്ലോസം ഫെര്‍ണാണ്ടസ്, രണ്ട് മക്കളുമുണ്ട.
ഉഡുപ്പി ബോര്‍ഡ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന റോക്യു ഫെര്‍ണാണ്ടസിന്റെയും ദക്ഷിണ കന്നഡ ജില്ലയിലെ ആദ്യ വനിത ബെഞ്ച് മജിസ്ട്രേറ്റായിരുന്ന ലിയോണ ഫെര്‍ണാണ്ടസിന്റെയും മകനായി 1941 മാര്‍ച്ച് 27നായിരുന്നു ജനനം. വിദ്യാഭ്യാസത്തിനു ശേഷം കുറച്ചുകാലം എല്‍.ഐ.സിയില്‍ ജോലി ചെയ്തു. പിന്നീട് മണിപ്പാലില്‍ സ്വന്തമായി ബിസിനസ് നടത്തി. പിന്നീട് കൃഷിയിലേക്ക് തിരിഞ്ഞു. മികച്ച നെല്‍കര്‍ഷകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
സാമൂഹിക, സംഘടനാ പ്രവര്‍ത്തനത്തിലുടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കര്‍ണാടക പി്സി.സി അധ്യക്ഷന്‍ തുടങ്ങി പദവികളും വഹിച്ചിട്ടുണ്ട്.






