
മുംബൈ: നോട്ട് പ്രതിസന്ധി അഞ്ചാം ദിവസവും രൂക്ഷമായി തുടരുമ്പോഴും 500, 1000 നോട്ടു മാറലുമായി ബന്ധപ്പെട്ട് ബാങ്കില്‍ എത്തിയിട്ടുള്ള നിക്ഷേപം 1.5 ലക്ഷം കോടി കഴിഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ ബാങ്കുകള്‍ നല്കിയ കണക്കുകള്‍ പ്രകാരം എസ്ബിഐ മാത്രം 75,945 കോടി നിക്ഷേപം സ്വീകരിക്കുകയും 3,753 കോടി രൂപയുടെ കറന്‍സികള്‍ മാറി നല്‍കുകയും ചെയ്തു.
ഞായറാഴ്ച വരെ 7,705 കോടിയുടെ 100, 2000 നോട്ടുകള്‍ കൈമാറ്റം നടത്തുകയും ചെയ്തു. ഞായറാഴ്ചയോടെ ബ്രാഞ്ചുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ബാങ്കുകള്‍ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്തു. ഗുരുനാനാക്ക് ജയന്തിയെ തുടര്‍ന്ന് തിങ്കളാഴ്ച മിക്ക സംസ്ഥാനങ്ങളിലും ബാങ്ക് അവധി ആയിരുന്നു. ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണാടക, കേരളം, തമിഴ്നാട്, ബീഹാര്‍, ഹരിയാന എന്നീ എട്ട് സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ചയും ഇടപാട് നടന്നു.
ബാങ്കുകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടത്തെ പരിഹരിക്കുന്നതിനായി മിക്ക ബ്രാഞ്ചുകളും തങ്ങളുടെ ആള്‍ക്കാരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കൂടുതല്‍ ക്യാഷ് കൗണ്ടറുകളും മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്ക് പുതിയ 2000 ന് പിന്നാലെ പുതിയ 500 രൂപയും പുറത്തിറക്കിയിട്ടുണ്ട്. അക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകള്‍ പുതിയ നോട്ടിനുള്ള എടിഎം അവതരിപ്പിച്ചിട്ടുണ്ട്്. 2000 ന്റെയും 500 ന്റെയും പുതിയ നോട്ടുകളും അവയുടെ കൃത്യതാ പരിശോധനയും നടത്തും.






