
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ക്ക് മറുപടി. തെറ്റായ ധാരണകള്‍ പലപ്പോഴും ഗര്‍ഭകാലം സംഘര്ഷഭരിതമാക്കാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാന്‍ ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമുള്ള ശരിയായ അറിവ് സഹായിക്കും
ആസ്ത്മയും ഗര്‍ഭധാരണവും
1. രണ്ടു മാസം ഗര്‍ഭിണിയാണ്. വിവാഹം കഴിഞ്ഞിട്ട് നാലു വര്‍ഷമായി. എനിക്ക് ആസ്ത്മയുടെ ശല്യം ഉണ്ട്. ആസ്ത്മയെ പേടിച്ച് ഇതുവരെ ഗര്‍ഭധാരണം നീട്ടിവച്ചു. ആസ്ത്മയുള്ളവര് ഗര്‍ഭം ധരിക്കുന്നതിനോ പ്രസവിക്കുന്നതിനോ എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഗര്‍ഭകാലത്ത് പ്രത്യേകം കരുതല്‍ ആവശ്യമാണോ. ആസ്ത്മയ്ക്കു ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്നു ഡോക്ടര്‍ പറഞ്ഞു. ചില മരുന്നുകളും. ഇത് കുഞ്ഞിനെ ബാധിക്കുമോ. ഭാവിയില്‍ കുഞ്ഞിനും ആസ്ത്മ വരാന്‍ സാധ്യത ഉണ്ടോ?
.... ഷഹ്ന റസൂല്‍, പൊന്നാനി
ആസ്ത്മയുള്ളവര് ഗര്‍ഭം ധരിക്കുന്നതിനോ പ്രസവിക്കുന്നതിനോ കുഴപ്പമില്ല. എന്നാല്‍ സാധാരണ ഗര്‍ഭിണികളേക്കാള്‍ കരുതലും ശ്രദ്ധയും ആവശ്യമാണ്. ആസ്ത്മയ്ക്കു ഉപയോഗിക്കുന്ന ഇന്‍ഹേലറുകള്‍ ഒരു രീതിയിലും കുഞ്ഞിനെ ബാധിക്കുകയില്ല. കുഞ്ഞിന് ദോഷം ചെയ്യുമെന്നു കരുതി ഇവ ഉപയോഗിക്കാതിരുന്നാല്ലാണ് കുഴപ്പം. ഇന്ഹേലറും മരുന്നുകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി ഉപയോഗിച്ചാല്‍ ശ്വാസംമുട്ടല്‍ നിയന്ത്രിച്ച് മുന്നോട്ടു പോകാവുന്നതാണ്. ആസ്ത്മ ഉണ്ടാകുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. പൊടി, കാലവസ്ഥ വ്യതിയാനം എന്നിവയെല്ലാം ആസ്ത്മക്കു കാരണമാകാം. അതിനാല്‍ കുഞ്ഞിന് ആസ്ത്മ ഉണ്ടാകുമോ ഇല്ലയോയെന്ന് ഇപ്പോഴേ പറയാന്‍ കഴിയില്ല.
ഗര്‍ഭാശയത്തില്‍ മുഴ
2. 23 വയസ്. അവിവാഹിത. അപകടത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗര്‍ഭാശയത്തില്‍ മുഴയുള്ളതായി ശ്രദ്ധയില്‍പ്പെട്ടു. യാതൊരു പ്രയാസങ്ങളും ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ഈ മുഴ അപകടകാരിയല്ലെന്നു ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഇത് വിവാഹ ജീവിതത്തിനും ഗര്‍ഭധാരണത്തിനും തടസമാകുമോ. മുഴകളുടെ വളര്‍ച്ച അറിയാന്‍ നടത്തിയ പരിശോധനയിലും കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും പറഞ്ഞു. പ്രത്യേക ചികിത്സകള്‍ ആവശ്യമില്ലെന്നും. എനിക്ക് വിവാഹം കഴിക്കാമോ? മുഴ ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുമോ?
... വിമല കെ.വി, പത്തനംതിട്ട
അപകടത്തെ തുടര്‍ന്ന് ആകസ്മികമായി നടത്തിയ പരിശോധനയിലാണ് ഗര്‍ഭാശയ മുഴ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതെന്നു പറഞ്ഞുവല്ലോ, സാധാരണയായി ഗര്‍ഭാശയ മുഴകള്‍ പ്രശ്നം ഉണ്ടാക്കാറില്ല. മുഴകളുടെ വളര്‍ച്ച അറിയാന്‍ നടത്തിയ സ്കാനിങ്ങിലും കുഴപ്പമില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് ഭയപ്പെടേണ്ട ആവശ്യമില്ല.
മുഴയുടെ വലിപ്പം, എണ്ണം, സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ചികിത്സ തീരുമാനിക്കുന്നത്. എന്നാല്‍ കത്തില്‍ ഈ വിവരങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. മുഴ വിവാഹത്തിനോ ഗര്‍ഭധാരണത്തിനോ തടസമല്ല. കുഴപ്പമൊന്നുമിെല്ലന്ന് ഗൈനക്കോളജിസ്റ്റ് പറഞ്ഞതിനാല്‍ നിങ്ങള്‍ക്കു ധൈര്യമായി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. മുഴവച്ച് ഗര്‍ഭം ധരിക്കുന്നതിനോ മുന്നോട്ട് പോകുന്നതിനോ കുഴപ്പമില്ല. ആവശ്യമെങ്കില്‍ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്.
അമിത ആര്‍ത്തവരക്തം, മുഴയുടെ വലിപ്പം പെട്ടെന്ന് കൂടുക തുടങ്ങിയ അവസരങ്ങളിലാണ് സാധാരണ ശസ്ത്രക്രിയ ചെയ്യുന്നത്. മുഴകള്‍ ഉള്ളവര്‍ ഇടയ്ക്കിടെ പരിശോധനകള്‍ നടത്തണം. മുഴയുടെ വലിപ്പം കൂടുന്നുണ്ടോ എന്ന് ഇതിലൂടെ അറിയാന്‍ കഴിയും. ആര്‍ത്തവവിരാമംവരെ ഈ മുഴകള്‍ ചെറുതായി വളരാനുള്ള സാധ്യതയുണ്ട്. അതില്‍ പേടിക്കേണ്ടതില്ല.
പ്രഗ്നന്‍സി കിറ്റുകളെ വിശ്വസിക്കാമോ
3. ഗര്‍ഭധാരണം വീട്ടിലെ പരിശോധനയില്‍ അറിയാന്‍ കഴിയുമോ, പ്രഗ്നന്‍സി അറിയാന്‍ സഹായിക്കുന്ന കിറ്റുകള്‍ ഫലപ്രദമാണോ. ഇത് ഉപയോഗിച്ച് എങ്ങനെ ഗര്‍ഭധാരണം അറിയാന്‍ കഴിയും?
..... റിയ ഷിജോ ,തുരുത്തി
ഗര്‍ഭധാരണം വീട്ടില്‍ വച്ചുതന്നെ അറിയാന്‍ കഴിയുന്ന പലതരം പ്രഗ്നന്‍സി കിറ്റുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവയെ പൂര്‍ണമായും ആശ്രയിക്കാനാവില്ല. ഇത് ചിലപ്പോള്‍ ഗര്‍ഭിണിയില്‍ നെഗറ്റീവും ഗര്ഭിണിയല്ലാത്തവരില് പോസീറ്റീവും ഫലം ഉണ്ടാക്കിയേക്കാം. ഗര്‍ഭധാരണം അറിയാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗമാണ് പ്രഗ്നന്‍സി കിറ്റുകള്‍. ഉത്പാദകര്‍ ഇത് ഉപയോഗിക്കുന്നവിധം പായ്ക്കറ്റില്‍ എഴുതിയിട്ടുണ്ട്. കിറ്റുകള്‍ വാങ്ങി ഇത് കൃത്യമായി വായിച്ച് മനസിലാക്കി വേണം ഉപയോഗിക്കുവാന്‍.
കക്ഷത്തിലെ മുഴ
4. 22 വയസ്. ഞാന്‍ നാലുമാസം ഗര്‍ഭിണിയാണ്. കക്ഷത്തില്‍ കാണപ്പെടുന്ന മുഴയാണ് എന്നെ അലട്ടുന്ന പ്രശ്നം. ചില സമയത്ത് ചെറിയ വേദനയുമുണ്ട്. കഴിഞ്ഞ മാസം പരിശോധനയ്ക്കു പോയപ്പോള്‍ ഡോക്ടറെ കാണിച്ചിരുന്നു. ഇത് ഗര്‍ഭിണികളില്‍ സാധാരണ കാണപ്പെടുന്ന അവസ്ഥയാണെന്നും പേടിക്കേണ്ടതില്ലെന്നും പറഞ്ഞു. സഹിക്കാന്‍ കഴിയാത്ത വേദനയുണ്ടെങ്കില്‍ മാത്രം മരുന്നു കഴിച്ചാല്‍ മതിയെന്നും പറഞ്ഞു. എന്തുകൊണ്ടാണ് ഗര്‍ഭിണികളില്‍ ഇങ്ങനെ കക്ഷത്തില്‍ മുഴപോലെ കാണപ്പെടുന്നത്?
..... കാവ്യ ശേഖര്‍ , പട്ടാമ്പി
ഡോക്ടര്‍ പരിശോധിച്ച് പേടിക്കേണ്ടതായി ഒന്നുമില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി അതേക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. ഗര്‍ഭിണികളില്‍ ഇത്തരം അവസ്ഥ പൊതുവേ കണ്ടുവരാറുണ്ട്. കുഞ്ഞിനെ പാലൂട്ടുന്നതിനായി സ്തനത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതിനു കാരണം. ഇതിന്റെ ഭാഗമായി ഗര്‍ഭിണികളില്‍ സ്തനത്തിന്റെ ഒരു ഭാഗം കഷത്തിലേക്ക് വളരുന്നത് സ്വാഭാവികമാണ്. ഇതിന് മരുന്നുകഴിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നാല്‍ കഠിനമായ വേദനയുണ്ടെങ്കില്‍ മാത്രം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നു കഴിക്കുക. കുഞ്ഞിന് പാലുകൊടുത്തു തുടങ്ങുന്നതോടെ ഇത് ചുരുങ്ങി തുടങ്ങുന്നതാണ്.