ഈ മാസം 14നാണ് അമേരിക്കൻ ടെക് ഭീമന്മാരായ ആപ്പിൾ പുത്തൻ ഐഫോൺ ശ്രേണി അവതരിപ്പിച്ചത്. ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിങ്ങനെ നാല് പതിപ്പുകളിൽ ലഭ്യമാണ്. 1.80 ലക്ഷമാണ് പുത്തൻ ഐഫോൺ ശ്രേണിയിലെ ഏറ്റവും പ്രീമിയം പതിപ്പായ മാക്സിന്റെ 1 ടിബി മോഡലിന് ഇന്ത്യയിൽ വില. എന്നാൽ, കാവിയാറുമായി ബന്ധപ്പെട്ടാൽ കുറച്ചുകൂടെ എക്സ്ക്ളൂസീവ് ആയ ഐഫോൺ 13 സ്വന്തമാക്കാം. പക്ഷെ , ഏകദേശം ഐഫോൺ 13 പ്രോ മാക്സിന്റെ വിലയുടെ 10 മടങ്ങ് കൂടുതൽ ആയിരിക്കും വില. കസ്റ്റമൈസ് ചെയ്ത ഗാഡ്ജറ്റ്സുകൾ തയ്യാറാക്കുന്നതിൽ പ്രശസ്തരാണ് റഷ്യൻ ആഡംബര ബ്രാൻഡ് ആയ കാവിയാർ.
റിപ്പോർട്ട് അനുസരിച്ചു ഐഫോൺ 13ന്റെ പ്രോ, പ്രോ മാക്സ് മോഡലുകളെ അടിസ്ഥാനമാക്കിയ 5 ആഡംബര യൂണിറ്റുകളാണ് കാവിയാർ അവതരിപ്പിച്ചിരിക്കുന്നത്. വിവിധ സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമായ കാവിയാർ ഐഫോൺ 13 മോഡലുകളുടെ വില 6,500 ഡോളർ മുതൽ 25,080 ഡോളർ (4 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ) വരെയാണ്.
ആഡംബര വാച്ച് ബ്രാൻഡായ റോളക്സിൻ്റെ റോളക്സ് സെല്ലിനി ശേഖരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ഐഫോൺ 13 പ്രോ മാക്സ് ആണ് കൂട്ടത്തിൽ ഏറ്റവും വിലകൂടുതലുള്ളത്. ഈ പതിപ്പിന്റെ മുകൾ ഭാഗത്ത് 18 കാരറ്റ് വൈറ്റ് ഗോൾഡും താഴത്തെ ഭാഗത്ത് ബ്രൗൺ നിറത്തിലുള്ള മുതലയുടെ ചർമം കൊണ്ടുള്ള തുകലുമാണ്. മാത്രമല്ല ഫ്രെയിം തയ്യാറാക്കിയിരിക്കുന്നത് 18 ക്യാരറ്റ് റോസ് ഗോൾഡ് കൊണ്ടാണ്. 25,080 ഡോളർ (ഏകദേശം 18,48,800 രൂപ) മുതലാണ് വില.






