
ഇന്ത്യന്‍ ഇലക്ട്രിക് വിപണിയില്‍ 'ഒല' ഇലക്ട്രിക് സ്കൂട്ടര്‍ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വെബ്സൈറ്റില്‍ വെറും 500 രൂപ നല്കി വാഹനം ബുക്ക് ചെയ്യാം, ശേഷം വണ്ടി കൈമാറുമ്പോള്‍ മാത്രം ബാക്കി പണം നല്കിയാല് മതി. ഈ ഓഫറിന് മികച്ച സ്വീകാര്യത ലഭിച്ചു, തുടർന്ന് വണ്ടിയുടെ വിലപ്രഖ്യാപനവും ഒല നടത്തി.
എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ വകഭേദങ്ങളില്‍ വിപണിയിലെത്തിയ സ്കൂട്ടറിന്റെ ഷോറൂം വില 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ്. സെപ്റ്റംബറില്‍ പര്‍ച്ചേസ് വിന്‍ഡോ തുറന്ന രണ്ട് ദിവസത്തിനുള്ളില്‍ 1100 കോടി രൂപയാണ് ഒലയ്ക്ക് ലഭിച്ചതെന്ന് കമ്പനി അറിയിച്ചത്. 48 മണിക്കൂറില്‍ ഒരു ലക്ഷം ബുക്കിങ്ങ് നേടിയ റെക്കോഡിന് പിന്നാലെ ഇപ്പോളിതാ പുതിയ റെക്കോഡാണ് രണ്ട് ദിവസത്തിലെ ഈ വില്‍പ്പന.
ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനകംതന്നെ ഒരു ലക്ഷം യൂണിറ്റ് ബുക്കിങ് പിന്നിട്ടതായും ഒല പ്രഖ്യാപിച്ചിരുന്നു. പത്ത് നിറങ്ങളിലാണ് എസ് സീരീസ് സ്കൂട്ടറുകള് എത്തുന്നത്. സ്കൂട്ടറിലെ മറ്റൊരു സവിശേഷത അതിവേഗം ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ്. വെറും 18 മിനിറ്റില്‍ ബാറ്ററി പകുതിയോളം ചാര്‍ജ് ആവുമെന്നാണ് ഒലയുടെ വാഗ്ദാനം. മാത്രമല്ല, പാതി ചാര്‍ജില്‍ത്തന്നെ 75 കിലോമീറ്റര്‍ ഓടാനും സ്കൂട്ടറിനാവും. എസ് വണ്‍ ഒറ്റച്ചാര്‍ജില്‍ 121 കിലോമീറ്റര്‍ റേഞ്ച് നല്കുമ്പോള്, എസ് വണ്‍ പ്രോയുടെ റേഞ്ച് 181 കിലോമീറ്ററാണ്.






