
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഓഡിയുടെ എ6 ഇനി ദുബായ് പോലീസിന്റെ വാഹനശ്രേണിയിലേക്ക്. ബെന്റ്ലി കോണ്ടിനെന്റല് ജി.ടി, മക്ലാരന് എം.പി.4-12സി, ആസ്റ്റണ്‍ മാര്ട്ടിന് വണ്‍77, ഫെരാരി എഫ്.എഫ്, ബുഗാട്ടി വെയ്റോണ്‍, ലംബോര്‍ഗിനി അവന്റഡോര്‍ തുടങ്ങി ലോകത്തിലെ എല്ലാ സൂപ്പര്‍ കാറുകളുമുള്ള ദുബായ് പോലീസിന്റെ വാഹനശ്രേണിയിലേക്കാണ് ഓഡി എ6 എത്തുന്നത്. ദുബായ് പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.
റിപ്പോർട്ട് പ്രകാരം 100 എ6 പ്രീമിയം സെഡാനാണ് ദുബായ് പോലീസില്‍ എത്തിയിട്ടുള്ളത്. ഈ ആഡംബരം വാഹനം പോലീസ് സേനയുടെ പട്രോളിങ്ങ് വിഭാഗത്തിലേക്കാണ് വരുന്നത്. ഔഡി എ6-ന്റെ ടി.എഫ്.എസ്.ഐ 45 എന്ന മോഡലാണ് പോലീസ് സേനയ്ക്കായി വാങ്ങിയിട്ടുള്ളത്. ആഡംബരത്തിനൊപ്പം പോലീസ് വാഹനത്തിന് ആവശ്യമായ നിരവധി ഫീച്ചറുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.
പോലീസിന്റെ പട്രോളിങ്ങിന് സഹായിക്കുന്നതിനായി പ്രത്യേക ക്യാമറ സംവിധാനങ്ങളും ഈ വാഹനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. എ6 ടി.എഫ്.എസ്.ഐ. മോഡലിന് കരുത്തേകുന്നത് 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. ഇത് 245 ബി.എച്ച്.പി. പവറും 370 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എസ്-ട്രോണിക് ഓട്ടോമാറ്റിക് ഈ വാഹനത്തിന് ട്രാന്സ്മിഷന് ഒരുക്കുന്നത്.






