ഓഗസ്റ്റ് 14നാണ് ഇന്ത്യൻ വാഹന വിപണിയിലെ എസ്യുവി സ്പെഷ്യലിസ്റ്റായ മഹീന്ദ്ര & മഹീന്ദ്ര പുതിയ എക്സ്യുവി700 എസ്യുവി അവതരിപ്പിച്ചത്. ഏറ്റവും വിലക്കുറവുള്ള വേരിയന്റുകളുടെ 5 സീറ്റ് പതിപ്പുകളുടെ വിലയും അവതരണത്തോടൊപ്പം മഹീന്ദ്ര & മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. 11.99 ലക്ഷം മുതലാണ് മഹീന്ദ്ര എക്സ്യുവി700ന്റെ വില ആരംഭിക്കുക എന്ന് കഴിഞ്ഞ മാസം തന്നെ വ്യക്തമായിരുന്നു. എന്നാൽ, നിരവധി ഫീച്ചറുകളുള്ള പ്രീമിയം വേരിയന്റുകളുടെ വില മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നില്ല. ഒക്ടോബർ 7 മുതൽ ആണ് ബുക്കിംഗ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായിയാണ് എക്സ്യുവി700ന്റെ വിലകൾ മഹീന്ദ്ര & മഹീന്ദ്ര പ്രഖ്യാപിച്ചത്.
MX, AdrenoX (AX) എന്നിങ്ങനെ രണ്ട് സീരീസുകളിലാണ് മഹീന്ദ്ര എക്സ്യുവി700 അവതരിപ്പിച്ചിരിക്കുന്നത്. ഒരൊറ്റ പതിപ്പ് മാത്രമേ MX സീരീസിനുള്ളൂ. ഏറ്റവും അടിസ്ഥാന വേരിയന്റാണിത്. MX വേരിയന്റുകൾ പെട്രോൾ എൻജിനിലും കുറഞ്ഞ ട്യൂണിലുള്ള ഡീസൽ എഞ്ചിനിലുമാണ് വാങ്ങാനാവുക. AdrenoX സീരീസിൽ മൂന്ന് വേരിയന്റുകളാണ് വില്പനക്കെത്തുക - AX3, AX5, AX7. റിപ്പോർട്ട് അനുസരിച്ചു ഒമ്പതോളം വേരിയന്റുകളിൽ പെട്രോൾ ഡീസൽ എൻജിനിൽ ലഭ്യമായ മഹീന്ദ്ര എക്സ്യുവി700യ്ക്ക് 11.99 ലക്ഷം മുതൽ 21.09 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില.
മഹീന്ദ്ര എക്സ്യുവി700യ്ക്ക് 200 എച്പി പവറും 380 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.0-ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എൻജിനും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനുമാണ് ലഭിക്കുന്നത്. ഡീസൽ എൻജിൻ 155 എച്പി പവർ + 360 എൻഎം ടോർക്ക് ട്യൂണിലും (വിലക്കുറവുള്ള വേരിയന്റുകൾക്ക്), 185 എച്പി പവർ + 420 എൻഎം ടോർക്ക് ട്യൂണിലും (ഉയർന്ന വേരിയന്റുകൾക്ക്) ലഭ്യമാണ്. ഗിയർബോക്സ് ഓപ്ഷനുകൾ 6-സ്പീഡ് മാന്വൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ്. മഹീന്ദ്ര എക്സ്യുവി700ൽ സിപ്പ്, സാപ്പ്, സൂം കൂടാതെ കസ്റ്റം ഡ്രൈവിംഗ് മോഡുകൾ ക്രമീകരിച്ചിട്ടുണ്ട്.






