ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ശ്രേണിയിലെ അഡ്വഞ്ചർ ബൈക്ക്, എക്സ്പൾസ് 200ന്റെ പരിഷ്കരിച്ച പതിപ്പ് വില്പനക്കെത്തിച്ചു. പുത്തൻ മോഡലിന്റെ പേര് എക്സ്പൾസ് 200 4V എന്നാണ്. എൻജിനിൽ ഇതുവരെ ക്രമീകരിച്ച രണ്ട് വാൽവ് സംവിധാനത്തിന് പകരം നാല് വാൽവ് സംവിധാനമാണ് എക്സ്പൾസ് 200 4Vയുടെ പ്രത്യേകത. 1.28 ലക്ഷം രൂപയാണ് ഹീറോ എക്സ്പൾസ് 200 4Vയുടെ എക്സ്-ഷോറൂം വില. എക്സ്പൾസ് 200മായി താരതമ്യം ചെയ്യുമ്പോൾ 5,000 രൂപയോളം എക്സ്പൾസ് 200 4Vന് വില കൂടുതലാണ്.
എക്സ്പൾസിലെ 199.6 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിൻ ഇപ്പോൾ 8,500 ആർപിഎമ്മിൽ 18.8 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 17.35 എൻഎം ടോർക്കുമാണ് നിർമ്മിക്കുന്നത്. എന്നാൽ, ഇതേ എൻജിൻ രണ്ട് വാൽവ് സംവിധാനത്തിൽ 17.8 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 16.45 എൻഎം ടോർക്കുമാണ് നിർമ്മിച്ചിരുന്നത്. അതായത് പവർ ആറ് ശതമാനവും ടോർക്ക് അഞ്ച് ശതമാനവും ഉയർന്നിരിക്കുന്നു.
ട്രയൽ ബ്ലൂ, ബ്ലിറ്റ്സ് ബ്ലൂ, റെഡ് റെയ്ഡ് എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളിലാണ് പരിഷ്ക്കരിച്ച എക്സ്പൾസ് 200 4V വിപണിയിലെത്തിയിരിക്കുന്നത്. 190 എംഎം ട്രാവലുള്ള ടെലിസ്കോപിക് മുൻ ഫോർക്കുകളും, 170 എംഎം ട്രാവലുള്ള 10 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ മോണോഷോക്ക് റിയർ സസ്പെൻഷനുമാണ് ഹീറോ എക്സ്പൾസ് 200 4Vയിൽ. ഇന്റഗ്രേറ്റഡ് സ്റ്റാർട്ടറും എഞ്ചിൻ കട്ട്-ഓഫ് സ്വിച്ചും പുതുതായി എക്സ്പൾസ് 200 4Vയിൽ നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇൻസ്ട്രുമെന്റ് കൺസോൾ, കൂടുതൽ തെളിച്ചമുള്ള എൽഇഡി ഹെഡ്ലാമ്പ്, എൽഇഡി ടെയിൽ ലാംപ്, സിംഗിൾ-ചാനൽ എബിഎസ് എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ.






