
ജീവിതത്തിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ദൃഢനിശ്ചയമുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ചവര്‍ ഒരുപാടുണ്ട്. മധ്യപ്രദേശിലെ പ്രഫുല്‍ ബില്ലോര്‍ അതിന് ദൃഷ്ടാന്ത തെളിവാണ്. ‘എംബിഎ ചായ്വാല’ എന്നറിയപ്പെടുന്ന ഈ 22 കാരന് ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് വിജയം കൈവരിച്ചതാണ്. അഹമ്മദാബാദിൽ താമസിക്കുന്ന പ്രഫുലിന്റെ ചായ ബിസിനസ്സിന്റെ വിറ്റുവരവ് 3 കോടി രൂപയാണ്. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്ന പ്രഫുലിന്റെ പ്രചോദനാത്മകമായ യാത്ര ഇങ്ങനെ...
എം.ബി.എ പ്രവേശന പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നമാണ് ഉന്നത ഐ.ഐ.എമ്മുകളിൽ നിന്നുള്ള ബിസിനസും സംരംഭകത്വവും പഠിക്കുക എന്നത്. വർഷവും CAT, XAT, MAT എന്നിവയുൾപ്പടെയുള്ള പ്രവേശനപരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ കുറച്ചൊന്നുമല്ല.
അതിലൊരാളായിരുന്നു മധ്യപ്രദേശിലെ ലാബ്രാവ്ഡ ഗ്രാമത്തിലെ ഒരു കർഷകന്റെ മകൻ പ്രഫുൽ ബില്ലോര്‍. പക്ഷേ മൂന്നാം തവണയും കോമൺ അഡ്മിഷൻ ടെസ്റ്റിന് (CAT) കിട്ടാതെ വന്നപ്പോള്‍ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനായിരുന്നു പ്രഫുലിന്റെ തീരുമാനം. അതുപക്ഷേ അഹമ്മദാബാദിലെ തെരുവില്‍ ഒരു ചായക്കട തുടങ്ങുക എന്നതാണെന്നുള്ളത് കേട്ടറിഞ്ഞവര്ക്ക്തികച്ചും അതിശയകരമായിരുന്നു. തെരുവില്‍ തുടങ്ങിയ ചായക്കടയില്‍ നിന്ന് രാജ്യം മുഴുവന്‍ 22 ഔട്ട്ലെറ്റുകളുള്ള 3 കോടി രൂപ വിറ്റുവരവുള്ള ചായബിസിനസ്സുകാരനായി പ്രഫുല്‍ മാറിയതും ആ കൊച്ചു തീരുമാനത്തില്‍ നിന്നാണ്.
‘‘മൂന്നാം തവണയും ക്യാറ്റ് കിട്ടാതെയായപ്പോള്‍ ഞാൻ ശരിക്കും തകർന്നുപോയി, നിരാശനായി, പഠനത്തില്‍ നിന്ന് ഒരു ഇടവേളയെടുത്ത് കുറെയധികം യാത്രകള്‍ നടത്താനായിരുന്നു എന്റെ ഇഷ്ടം. പക്ഷേ, എനിക്കൊരു ബിരുദം വേണമെന്നത് മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു, അതുകൊണ്ട് ഞാന്‍ പറന്നുയരുന്നത് ശരിയല്ലല്ലോ. എങ്കിലും മനസ്സിന് അല്‍പ്പം ആശ്വാസം കിട്ടാന്‍ വേണ്ടി, ഒരു ജോലിയെന്ന ലക്ഷ്യത്തോടെ കൈയിലുണ്ടായിരുന്ന എന്റെ സമ്പാദ്യമെടുത്ത് 20-ാമത്തെ വയസ്സില്‍ ഞാന്‍ കുറെ യാത്ര ചെയ്തു. യാത്രകള്‍ക്കൊടുവില്‍ അഹമ്മദാബാദില്‍ എത്തിയപ്പോള്‍ ഞാനവിടെ നില്ക്കാന് തീരുമാനിച്ചു. അന്നും അച്ഛന് പറഞ്ഞത് എം.ബി.എ എടുക്കുന്നതാണ് നല്ലൊരു ഭാവിക്ക് ഉചിതമെന്നായിരുന്നു. എങ്കിലും ഞാനവിടെ Mc ഡൊണാള്‍ഡ്സില്‍ പാര്‍ട്ടൈം ജോലിക്ക് കയറി. എന്റെ മാതാപിതാക്കള്‍ക്ക് ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഞാനൊരു ബിരുദധാരിയാകണമെന്നത് അവരുടെ ആഗ്രഹമായിരുന്നു. അങ്ങനെ ഒരു ലോക്കല്‍ എം.ബി.എ കോളജില്‍ ഞാന്‍ എം.ബി.എയ്ക്ക് ചേര്‍ന്നു. എങ്കിലും പഠനവും ജോലിയും ഞാന്‍ ഒപ്പം കൂട്ടി.
ഒരു എം.ബി.എ വിദ്യാര്ത്ഥിയെക്കാളേറെ ക്യാഷറിന്റെ ജോലിയാണ് ഞാന്‍ കൂടുതല്‍ പഠിച്ചത്. അങ്ങനെ സ്വന്തമായി ഒരു ചായക്കട തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. അതിനുള്ള പണം കൈയിലില്ലായിരുന്നത് കൊണ്ട് പഠന ആവശ്യത്തിന് വേണ്ടിയെന്നറിയിച്ച് വീട്ടില്‍ നിന്നും 10000 രൂപ വാങ്ങി, അത് മൂലധനമാക്കി ഞാന്‍ ഒരു ടീസ്റ്റാൾ ആരംഭിച്ചു. ഒരു അടുപ്പും, പാത്രവും, ചായ അരിപ്പയുമായി ഞാനങ്ങനെ അഹമ്മദാബാദിലെ സ്ട്രീറ്റില്‍ ചായക്കട തുടങ്ങി. ’’പ്രഫുലിന്റെ വാക്കുകള്‍ ഇങ്ങനെ.
ചായക്കട തുടങ്ങി ആദ്യ ദിവസം പക്ഷേ ഒരു കപ്പ് ചായ മാത്രമാണ് പ്രഫുല്‍ വിറ്റത്, അതിന്റെ കാരണം പാല്ച്ചായയില് അമിതമായി പഞ്ചസാര ചേര്‍ത്തതായിരുന്നു. പരാജയമാണ് വിജയത്തിന്റെ മുന്നോടിയെന്നത് പ്രഫുല്‍ പതിയെ തെളിയിക്കാന്‍ തുടങ്ങി. ഒരു ദിവസം 15,000 രൂപ എന്ന കണക്കില്‍ പ്രഫുലിന്റെ ചായക്കടയില്‍ നിന്ന് വരുമാനം കിട്ടിത്തുടങ്ങി.
‘‘ഒരു ജോലിയിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടുതൽ വരുമാനം എനിക്ക് ടീസ്റ്റാളില്‍ നിന്ന് കിട്ടിത്തുടങ്ങി. പഠനം മുടക്കാന്‍ മനസ്സ് വരാഞ്ഞതു കൊണ്ട് കുടുംബത്തിൽ നിന്ന് തന്നെ 50000 രൂപ വാങ്ങി ഒരു പ്രാദേശിക മാനേജ്മെന്റ് കോളേജിൽ ഞാന്‍ എം.ബി.എയ്ക്ക് ചേർന്നു. എന്നാൽ പഠനം തുടങ്ങിക്കഴിഞ്ഞപ്പോള്‍ മറ്റൊരു കാര്യം മനസ്സിലായി. ബിസിനസിനെക്കുറിച്ച് പഠിക്കുന്നതിനേക്കാൾ കൂടുതൽ ബിസിനസ് ചെയ്ത് നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എന്ന്. അങ്ങനെ ഏഴാമത്തെ ദിവസം പഠനം ഉപേക്ഷിച്ച് വീണ്ടും ടീ സ്റ്റാളിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരംഭിച്ചു. ’’ താൻ പഠിക്കണമെന്ന് ആഗ്രഹിച്ച അഹമ്മദാബാദ് ഐഐഎംന്റെ മുന്നിൽ തന്നെയാണ് പ്രഫുല്‍ ടീസ്റ്റാള്‍ സജീവമാക്കിയത്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടി എം.ബി.എ ഉപേക്ഷിക്കാന്‍ പ്രഫുല്‍ തീരുമാനിച്ചപ്പോള്‍ മാതാപിതാക്കള്‍ ശക്തമായി എതിര്‍ത്തു, കുടുംബത്തിന് നാണക്കേടുണ്ടാക്കുന്നു എന്നവര്‍ പറഞ്ഞു. കൂട്ടുകാര്‍ പ്രഫുലിന്റെ ഈ തീരുമാനത്തെ കളിയാക്കി, പരിഹസിച്ചു. അതുകൊണ്ട് എല്ലാവരില്‍ നിന്നും കുറച്ചു നാളത്തേക്ക് അകന്നു നില്ക്കാന് പ്രഫുല്‍ തീരുമാനിച്ചു. തന്റെ കടയില്‍ തുറന്ന മൈക്ക് സെഷനുകളും ബുക്ക് ഡ്രൈവുകളും സംഘടിപ്പിച്ചായിരുന്നു പ്രഫുല്‍ വ്യത്യസ്തനായത്. വാലന്റൈയ്ന് ദിനത്തില്‍ അഹമ്മദാബാദില്‍ പ്രണയമില്ലാതെ സിംഗിളായി നടക്കുന്നവര്‍ സൗജന്യമായി ചായ കൊടുത്ത് പ്രഫുല്‍ ശ്രദ്ധ നേടി. സിംഗിളായ എല്ലാവരും പ്രഫുലിന്റെ ചായക്കട തേടിപ്പിടിച്ച് എത്തിത്തുടങ്ങി. കൈപ്പുണ്യത്തിന്റെ മാഹാത്മ്യത്തില്‍ പതിയെപ്പതിയെ വിവാഹസത്കാരച്ചടങ്ങുകളില് പ്രഫുലിന്റെ ചായയ്ക്ക് ആവശ്യക്കാരേറെയായി.
രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രഫുല്‍ സ്വന്തമായി ഒരു കഫേ തുടങ്ങി, മാത്രവുമല്ല അതിന്റെ ഫ്രാഞ്ചൈസികള്‍ ഇന്ത്യ മുഴുവന്‍ പരന്നു. ഐ.ഐ.എം എസ്സിലെ സ്പീച്ചുകളില്‍ പ്രഫുലിനെ ക്ഷണിച്ചു തുടങ്ങി. ‘‘എന്നെ കളിയാക്കിയിരുന്നവര്‍ ഉപദേശത്തിനു വേണ്ടി എന്നെ ഇപ്പോള്‍ വിളിക്കുന്നു. ഞാനവരോട് പറയുന്നത്, ബിരുദമല്ല അറിവാണ് എല്ലാത്തിന്റെയും മാനദണ്ഡം എന്നാണ്. ഞാന്‍ ഇപ്പോള്‍ ഒരു ഫുള്‍ടൈം ചായ് വാലയാണ്. ഞാന്‍ ചെയ്യുന്ന ജോലിയെ ഏറെ ഇഷ്ടപ്പെടുന്നു.’’ പ്രഫുല്‍ പറയുന്നു.
മിസ്റ്റര്‍ ബില്ലോര്‍ അഹമ്മദാബാദ് ടീ സ്റ്റോള്‍ എന്ന പേരാണ് പ്രഫുല്‍ ആദ്യം ചായക്കടയ്ക്ക് നല്‍കിയത്. അത് പലര്‍ക്കും പറയാന്‍ ബുദ്ധിമുട്ടായപ്പോള്‍ തന്റെ പേരിന്റെ ആദ്യാക്ഷരവും അഹമ്മദാബാദ് എന്നുള്ള പേരും ചേര്‍ത്ത് എം.ബി.എ ടീചായ് വാല എന്നത് ചുരുക്കി. പേരിനൊപ്പം എം.ബി.എ ചേര്‍ക്കുക എന്ന തന്റെ സ്വപ്നവും പ്രഫുല്‍ സാക്ഷാത്കരിച്ചു. തന്റെ ഓരോ ചായക്കടയിലും വൈറ്റ്ബോർഡ് സ്ഥാപിക്കുന്നത് വഴി തൊഴിലന്വേഷകരെയും ജീവനക്കാരെയും ബന്ധിപ്പിക്കുന്നതുൾപ്പെടെയുള്ള പുതിയ തന്ത്രങ്ങളും പ്രഫുല്‍ നടപ്പിലാക്കുകയാണ്.
പ്രഫുലിന്റെ പിതാവ് സോഹൻ ബില്ലോർ ഇപ്പോഴും കൃഷിയോടൊപ്പം ആരാധനാലയങ്ങള്ക്കാവശ്യമുള്ള വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കട നടത്തുകയാണ് ലളിതമായ ജീവിതം നയിക്കുന്ന അദ്ദേഹത്തിന് പ്രഫുലിന്റെ വിജയത്തില്‍ വളരെ സന്തോഷമുണ്ട് "പ്രഫുല്ല കുട്ടിക്കാലം മുതൽ ബുദ്ധിമാനായിരുന്നു. പരമ്പരാഗത രീതിയിൽ അവന് പോയിട്ടില്ല. കുട്ടികൾക്ക് അവരുടെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്നതിനാൽ അവരുടെ വികാരങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് മാതാപിതാക്കൾ മനസ്സിലാക്കുകയും സഹകരിക്കുകയും വേണം. " പ്രഫുലിന്റെ അച്ഛന്റെ വാക്കുകള്‍ ഇങ്ങനെ.
യൂട്യൂബിലൂടെയും പ്രഫുല്‍ പ്രചോദനാത്മകമായ വീഡിയോ ചെയ്യാറുണ്ട്. "നിങ്ങൾ പൂർണ്ണ സത്യസന്ധതയോടും കഠിനാധ്വാനത്തോടും കൂടി എന്ത് ചെയ്താലും അത് വിജയത്തിലെത്തിക്കും. നിങ്ങൾ ഒരു ചെരുപ്പ് നിർമ്മാതാവാണെങ്കിൽ കൂടി അവിടെയുള്ള ഏറ്റവും മികച്ച ഷൂ നിർമ്മാതാവാകുക, നിങ്ങൾ ചായ വിൽക്കുകയാണെങ്കിൽ അതിൽ മികച്ചതായിരിക്കുക. നിങ്ങൾ എന്തു ചെയ്താലും, നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുക. " പ്രഫുലിന്റെ ജീവിതവിജയം വരാനിരിക്കുന്ന തലമുറയ്ക്ക ഉറപ്പായും ഒരു പ്രചോദനമായിരിക്കും.