
ഒരു പ്രായമെത്തിക്കഴിഞ്ഞാല്‍ ഏതൊരു വ്യക്തിയുടെയും സ്വപ്നമെന്നത് നല്ലൊരു ജോലിയാണ്. അതിനു വേണ്ടി മനസ്സില്ലാമനസ്സോടെ നാടുവിട്ടു പോകാനും വിദേശത്തേക്ക് ചേക്കേറാനും പലരും ശ്രമിക്കാറുണ്ട്. ചിലര്‍ വിദേശത്ത് നല്ലൊരു ജോലി കിട്ടിയാല്‍ പിന്നെ വിവാഹം ചെയ്ത് കുടുംബത്തെയും കൂടെ കൂട്ടി അവിടെ സ്ഥിരതാമസക്കാരായി മാറുകയും ചെയ്യാറുണ്ട്. പലപ്പോഴും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങണമെന്ന സ്വപ്നം സാധ്യമാകാതെ പോലും വരാറുണ്ട്.
ഇപ്പോഴിതാ 22-ാം വയസില്‍ അമേരിക്കയില്‍ പറന്നിറങ്ങിയത് വലിയൊരു സ്വപ്നം മനസ്സില്‍ കണ്ടാണെന്നും എന്നാലിപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിയെന്നും പറയുകയാണ് ഇന്ത്യന്‍ ദമ്പതികള്‍. ഒരിക്കല്‍ പോലും തങ്ങള്‍ ഇത്രയും കടമെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും എന്നിട്ടും 8.4 കോടി രൂപയുടെ കട ബാധ്യത പേറുന്നുവെന്നും കഴിഞ്ഞു പോയ വർഷങ്ങളില്‍ വന്ന കടങ്ങളാണ് ഇതെന്നും പറയുകയാണ് ഈ ദമ്പതികള്‍.
‘22 വയസ്സുള്ളപ്പോൾ, അമേരിക്കൻ ഡ്രീം പിന്തുടരാൻ ഞാൻ യുഎസിലേക്ക് താമസം മാറി. ‘അമേരിക്കൻ സ്വപ്നസാക്ഷാത്കാരം’ ഞങ്ങളെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. മോർട്ട്ഗേജുകള്‍, വായ്പകള്‍, ക്രെഡിറ്റ് കാർഡുകള്‍ എന്നിവയിലായി ഏകദേശം 8.06 കോടി രൂപ വരുന്ന കടം വന്നു. ഒരു നല്ല ജോലി, ഒരു വീട്, ഒരു നല്ല കാർ, അടുക്കള നവീകരണം, അവധിക്കാലങ്ങള്‍, നിക്ഷേപ സ്വത്ത് അങ്ങനെ ഓരോന്നും ഓരോ കാലത്തും ശരിയായ നീക്കങ്ങളാണെന്ന് തോന്നിയിരുന്നു. എല്ലാം സാധാരണ ചെലവുകള്‍... പക്ഷേ, ഒടുവില്‍ തിരിഞ്ഞുനോക്കുമ്പോള്‍, ഓരോ ‘സാധാരണ’ തീരുമാനവും മറ്റൊരു പേയ്മെന്റ്, മറ്റൊരു വായ്പ, മറ്റൊരു പ്രതിമാസ ബാധ്യതയായി മാറി.
ഒരു ദിവസം ഞങ്ങള്‍ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചപ്പോള്‍ ഏകദേശം 8,50,000 ഡോളർ കടം കൂടിയെന്ന് മനസ്സിലായി.4,00,000 ഡോളറിന്റെ പ്രാഥമിക ഭവന മോർട്ട്ഗേജ്, 2,70,000 ഡോളറിന്റെ നിക്ഷേപ സ്വത്ത് മോർട്ട്ഗേജ്, 1,50,000 ഡോളറിന്റെ അടുക്കള നവീകരണ വായ്പ, ക്രെഡിറ്റ് കാർഡ് കടമായി 30,000 ഡോളർ എന്നിവയെല്ലാം ഉള്‍പ്പെടുന്ന കടബാധ്യതകളാണ്. ഒരിക്കല്‍ പോലും ഒരുമിച്ചിരുന്ന് ഇത്രയും വലിയൊരു സംഖ്യ കടമെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. എന്നിട്ടും ഞങ്ങളുടെ ജീവിതത്തിനിടെയില്‍ ഇങ്ങനെയെല്ലാം സംഭവിച്ചു. എന്നാല്‍, ജീവിതത്തില്‍ മാറ്റം വരുത്താനും എല്ലാം തിരിച്ച് പിടിക്കാനുമുള്ള ശ്രമത്തിലാണ്. അടുത്ത 1,200 ദിവസത്തിനുള്ളില്‍, ഏകദേശം 3.3 വർഷത്തിനുള്ളില്‍, പൂർണ്ണമായും കടത്തില്‍ നിന്ന് മുക്തരാകുക എന്നതാണ് ലക്ഷ്യം...’’ ഇന്ത്യന്‍ ദമ്പതികള്‍ പറയുന്നു. മണി ഹാര്‍മണി 123 എന്ന ഇൻസ്റ്റാഗ്രാം പേജിലെ ഒരു പോസ്റ്റിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്.
വീഡിയോ വൈറലായതോടെ സമാന അനുഭവമുള്ള പല ഇന്ത്യക്കാരും കമന്റുകള്‍ കുറിക്കുന്നുണ്ട്. കടക്കെണിയില്‍ കുടുങ്ങിയ യുവപ്രൊഫഷണലുകളും എൻആർഐകളും തങ്ങളുടെ സങ്കടവും ദുരിതവും പങ്കുവച്ചിട്ടുണ്ട്. ചിലര്‍ അവരുടെ കടം വീട്ടാൻ കഴിയട്ടെയെന്ന ആശംസയും കമന്റുകളില്‍ കുറിക്കുന്നുണ്ട്.






