
തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികളായ ജാനകി ഓംകുമാറിന്റെയും നവീൻ കെ. റസാഖിന്റെയും റാസ്പുടിൻ ഡാൻസിനെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ പ്രതിനിധി. യുഎന്‍ കള്‍ച്ചറല്‍ റൈറ്റ്സ് റാപ്പോര്‍ട്ടര്‍ കരിമ ബെന്നൂനാണ് നൃത്തത്തെ പ്രശംസിച്ചു രംഗത്തെത്തിയത്.
സാമൂഹികവും മാനുഷികവുമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ മൂന്നാമത്തെ സമിതിയുടെ അനൗപചാരിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
നവീനിന്റെയും ജാനകിയുടെയും നൃത്ത വിഡിയോയ്ക്കു ലഭിച്ച വിമര്‍ശനം സാംസ്കാരിക മിശ്രണത്തിന് എതിരായ അപകടകരമായ പ്രതിഫലനമാണെന്ന് കരിമ ബെന്നൂൻ പറഞ്ഞു.
ഒരുമിച്ചു നൃത്തം ചെയ്തതിന് രണ്ട് യുവാക്കള്‍ക്ക് ഒരുവശത്ത് പിന്തുണയും മറുവശത്ത് സാമൂഹമാധ്യമങ്ങളില്‍ വിദ്വേഷവും നേരിടേണ്ടി വന്നു. 'ഡാന്‍സ് ജിഹാദ്' എന്നു ചിലര്‍ കുറ്റപ്പെടുത്തി. വിദ്വേഷ പ്രചാരണങ്ങളെ നവീനും ജാനകിയും ശക്തമായ പ്രതികരണത്തിലൂടെ തടുത്തു നിർത്തിയത് പ്രശംസയർഹിക്കുന്നു. ഇത്തരം ക്രിയാത്മകമായ പ്രതികരണങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭ പ്രതിനിധി പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് ചുവടുവച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രശംസയ്ക്കൊപ്പം വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.






