
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ മൊഴിയെടുത്തു. ശിശുവികസന ഡയറക്ടറുടെ ഓഫീസിലെത്തിയാണ് ഷിജു ഖാന് മൊഴി രേഖപ്പെടുത്തിയത്.
വ്യാജ രേഖകളുണ്ടാക്കി താന്‍ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്നും പൊലീസിലടക്കം പരാതിപ്പെട്ടിട്ടും, അത് വകവെക്കാതെ ദത്ത് നടപടികള്‍ മനപ്പൂര്‍വ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം. ഇതില്‍ ഷിജുഖാനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. അനുപമയുടെ അച്ഛന്റെ ആവശ്യപ്രകാരം ഷിജുഖാന് ഇടപെട്ടാണ് ദത്ത് നടപടി വേഗത്തിലാക്കിയതെന്നാണ് ആരോപണം.
എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഷിജുഖാന് മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വിഷയത്തിലും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാല്‍ ഇപ്പോള്‍ ഒന്നു പറയാനില്ലെന്നും ഷിജു ഖാന് പ്രതികരിച്ചു.
കുഞ്ഞിനെ അമ്മ അനുപമയില്‍ നിന്നും മാറ്റിയ സംഭവത്തില്‍ ആരോപണ വിധേയനായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ നടപടിയെടുത്ത് മുഖംരക്ഷിക്കാനുളള ശ്രമം സിപിഎം നടത്തിയേക്കുമെന്നാണ് വിവരം. അനുപമയുടെ അച്ഛന് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഷിജുഖാനെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനും പാര്‍ട്ടിയില്‍ തരംതാഴ്ത്താനുമാണ് സാധ്യത.






