
പൾസർ N250 എന്ന പേരിൽ നേക്കഡ് ബൈക്കും പൾസർ F250 എന്ന പേരിൽ പൾസർ 220Fന് സമാനമായി സെമി ഫെയറിങ്ങുള്ള ബൈക്കും ബജാജ് ഓട്ടോ വിപണിയിൽ എത്തിച്ചു. ബജാജ് പൾസർ N250യുടെ എക്സ്-ഷോറൂം വില 1.38 ലക്ഷമാണ് . യമഹ FZ 25, സുസുക്കി ജിക്സർ 250 എന്നീ ബൈക്കുകളോടും വിലയുടെ കാര്യത്തിൽ ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4V എന്നെ ബൈക്കുകളുമാണ് ബജാജ് പൾസർ N250യുടെ എതിരാളികൾ. പൾസർ F250, അതെ സമയം, സുസുക്കി ജിക്സർ SF 250യോടും വിലയുടെ കാര്യത്തിൽ ഹീറോ എക്സ്റ്റീം 200Sനോഡുമാണ് മത്സരിക്കുക. ബുക്കിങ് ആരംഭിച്ച ഇരു ബൈക്കുകളുടെയും ഡെലിവറി നവംബർ 10 മുതലാണ് ക്രമീകരിച്ചിരിക്കുന്നത്.
പൾസർ N250, പൾസർ F250യ്ക്ക് ആധുനിക മുഖഭാവം നൽകുന്ന എൽഇഡി ഹെഡ്ലൈറ്റും എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും നൽകി. രണ്ട് ബൈക്കുകൾക്കും സ്പ്ലിറ്റ് സീറ്റുകളും ഡിജി-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ക്രമീകരിച്ചിട്ടുണ്ട്. പുതിയ എയർ/ഓയിൽ-കൂൾഡ് 2-വാൽവ് 249.07 സിസി എഞ്ചിൻ ആണ് പുതിയ ബൈക്കുകൾക്ക് നൽകിയത്. 24.5 എച്ച്പി പവറും 21.5 എൻഎം ടോർക്കുമാണ് എൻജിൻ നിർമ്മിക്കുന്നത്. സ്ലിപ് ആൻഡ് അസിസ്റ്റ് ക്ലച്ചുള്ള അഞ്ച്-സ്പീഡ് ഗിയർബോക്സാണ് പുത്തൻ പൾസർ ബൈക്കുകളിൽ ക്രമീകരിച്ചിരിക്കുന്നത്.
ബജാജ് പൾസർ 250 ഇരട്ടകളെ പുതിയ ട്യൂബുലാർ ഫ്രെയിമിലാണ് തയ്യാറാക്കിയിരിക്കുന്നത്. മുൻപിൽ ടെലിസ്കോപ്പിക് ഫോർക്കും പുറകിൽ മോണോഷോക്ക് സസ്പെൻഷനുമാണ് പുത്തൻ പൾസർ ബൈക്കുകൾക്ക്. സിംഗിൾ-ചാനൽ എബിഎസ് സഹായത്തോടെ 300 എംഎം ഡിസ്ക് മുൻചക്രത്തിലും 230 എംഎം ഡിസ്ക് പിൻചക്രത്തിലും പ്രവർത്തിക്കുന്നു. 14 ലിറ്റർ ഇന്ധന ടാങ്ക് കപ്പാസിറ്റിയാണ് ബൈക്കുകൾക്ക്. 17 ഇഞ്ച് റിമ്മിൽ 110-സെക്ഷൻ മുൻ ടയറും 130-സെക്ഷൻ പിൻ ടയറുമാണ് ക്രമീകരിച്ചിരിക്കുന്നത്.






