
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ക്ക് മറുപടി. തെറ്റായ ധാരണകള്‍ പലപ്പോഴും ഗര്‍ഭകാലം സംഘര്ഷഭരിതമാക്കാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാന്‍ ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമുള്ള ശരിയായ അറിവ് സഹായിക്കും
ഭ്രൂണം ട്യൂബില്‍ തങ്ങിയാല്‍
1. എനിക്ക് 21 വയസ്. രണ്ടുമാസം മുമ്പ് ഗര്‍ഭിണിയായിരുന്നു. ഫലോപിയന്‍ ട്യൂബിനുള്ളില്‍ ഭ്രൂണം തങ്ങിനിന്നിരുന്നതിനാല് നീക്കം ചെയ്തു. ഗര്‍ഭിണിയായിരുന്നപ്പോള്‍ വയറിന്റെ വലത്തു ഭാഗത്ത് ശക്തിയായ വേദന അനുഭവപ്പെട്ടിരുന്നു. ഉടനെ വീണ്ടും ഗര്‍ഭം ധരിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ. വീണ്ടും ഫലോപ്പിയന്‍ ട്യൂബില്‍ ഭ്രൂണം തങ്ങി നില്ക്കാന് സാധ്യതയുണ്ടോ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വീണ്ടും ഗര്‍ഭം ധരിക്കാന്‍ കാലതാമസം നേരിടുമോ?
--- സാജിത , മട്ടാഞ്ചേരി
'ട്യൂബല്‍ പ്രഗ്നന്‍സി' എന്ന വളരെ അപകടകരമായ ഗര്ഭാവസ്ഥയാണിത്. തക്കസമയത്ത് പ്രശ്നം കണ്ടെത്തി ശരിയായ ചികിത്സ ലഭ്യമാക്കണം. എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ശസ്ത്രക്രിയ നടത്തിയതിനാല്‍ അപകടകരമായ അവസ്ഥയില്‍ നിന്നും രക്ഷപെടാന്‍ കഴിഞ്ഞു. ലാപ്രോസ്കോപി വഴിയാണോ വയറു കീറിയാണോ ശസ്ത്രക്രിയ നടത്തിയതെന്ന് കത്തില്‍ പറയുന്നില്ല. ശസ്ത്രക്രിയയില്‍ ട്യൂബ് മുറിച്ചു മാറ്റിയോ അതോ ട്യൂബ് തുറന്ന് ഗര്‍ഭം എടുത്തു മാറ്റിയതാണോ എന്നും വ്യക്തമല്ല. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്കാന് കഴിയില്ല. ഏതു ശസ്ത്രക്രിയ രീതിയായാലും ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷമേ ഗര്‍ഭം ധരിക്കാവു. എന്നാല്‍ അടുത്ത തവണ ഗര്‍ഭം ധരിക്കുമ്പോള്‍ ഭ്രൂണം ഗര്ഭപാത്ത്രില് തന്നെയാണെന്ന് ആരംഭത്തിലേ സ്കാന്‍ ചെയ്ത് ഉറപ്പുവരുത്തണം.
ശസ്ത്രക്രിയ നടത്തിയെന്നതുകൊണ്ട് ഗര്‍ഭധാരണം നടക്കാതെ വരില്ല. എന്നാല്‍ ഒരു ട്യൂബ് എടുത്തു കളഞ്ഞാല്‍ ഫലവത്തായ ഒരു ട്യൂബ് മാത്രമേ അവശേഷിക്കുകയുള്ള.ട്യൂബ് തുറന്നാണ് ഭ്രൂണം എടുത്തു കളഞ്ഞതെങ്കില്‍ രണ്ട് ട്യൂബും ഉണ്ടായിരിക്കും. ആരോഗ്യമുള്ള ഒരു ട്യൂബ് മാത്രം മതി ഗര്‍ഭധാരണത്തിന്. അണ്ഡാശയത്തില്‍ നിന്നും ഉണ്ടാകുന്ന അണ്ഡത്തെ സ്വീകരിക്കുന്നതിന് ഈ ട്യൂബ് മതിയാകും.
ഗര്‍ഭാവസ്ഥയില്‍ അലര്‍ജി
2 . എനിക്ക് 23 വയസ്. നാലുമാസം ഗര്‍ഭിണിയാണ്. അലര്‍ജിയാണ് എന്നെ അലട്ടുന്ന പ്രശ്നം. പൊടിയും തണുപ്പും അലര്‍ജിയുണ്ടാക്കുന്നു. ആ സമയത്ത് മരുന്ന് കഴിക്കുമ്പോള്‍ അത് മാറും. തുമ്മലും ജലദോഷവും ഈ സമയത്ത് വളരെയധികം പ്രശ്നം ഉണ്ടാക്കും. ഗര്ഭിണിയായതില്പിന്നെ ഈ പ്രശ്നം അനുഭവപ്പെട്ടിട്ടില്ല. ഗര്‍ഭാവസ്ഥയില്‍ അലര്‍ജി ഉണ്ടായാല്‍ എന്തെല്ലാം ശ്രദ്ധിക്കണം. മരുന്നു കഴിക്കുന്നതിന് പ്രശ്നം ഉണ്ടോ?
---- പ്രിയാ റജി , അടിമാലി
ഗര്‍ഭാവസ്ഥയില്‍ ഇതുവരെ അലര്‍ജി ഉണ്ടായില്ലെന്നതുതന്നെ നല്ലകാര്യമാണ്. മരുന്നു കഴിച്ചാലും ഒരുപരിധിവരയേ അലര്‍ജി തടയാനാവൂ. അലര്‍ജിക്കു കാരണമായ സാഹചര്യങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതാണ് മരുന്നു കഴിക്കുന്നതിനേക്കാള്‍ നല്ലത്. നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന വസ്തുക്കളില്‍ പൊടിപിടിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. അധികം പൊടി അടിയുന്നതിനുമുമ്പ് അവ നീക്കം ചെയ്യുക. പ്രത്യേകിച്ചും കര്‍ട്ടനുകള്‍, കാര്‍പെറ്റ്, ഫാനില്‍ പിടിച്ചിരിക്കുന്ന പൊടി മുതലായവ. തണുപ്പുള്ള കാലാവസ്ഥയില്‍ തണുത്ത സാധനങ്ങള്‍ കഴിക്കാതിരിക്കുക.
ഇതെല്ലാം അലര്‍ജി ഒഴിവാക്കി നിര്‍ത്താന്‍ സഹായിക്കും. അലര്‍ജിക്കുള്ള സാഹചര്യങ്ങള്‍ മാറ്റിയെടുക്കുകയെന്നതാണ് ഗര്‍ഭാവസ്ഥയില്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്. തുമ്മലും ജലദോഷവും ഉണ്ടായാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കുഞ്ഞിന് ദോഷം ഉണ്ടാക്കാത്ത മരുന്നുകള്‍ കഴിക്കാവുന്നതാണ്. ഗര്‍ഭത്തിന്റെ അവസാന മാസങ്ങളില്‍ അലര്‍ജിസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് അടിവയറ്റില്‍ വേദന, മസില്‍പിടുത്തം തുടങ്ങിയ സ്വാഭാവിക ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിച്ചേക്കാം.
മൂന്നാം മാസത്തില്‍ രക്തസ്രാവം
3 . ഭാര്യയ്ക്ക് 26 വയസ്. വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസമായി. ഇപ്പോള്‍ രണ്ടുമാസം ഗര്‍ഭിണിയാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സമയത്ത് അടിവസ്ത്രത്തില്‍ ചെറിയതോതില്‍ രക്തക്കറ കണ്ടിരുന്നു. ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും കുറച്ചു ദിവസം വിശ്രമം ആവശ്യമാണെന്നും പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ രക്തക്കറ കാണുന്നത്. ഇത് ഗര്‍ഭസ്ഥശിശുവിനെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ?
----- നവീന്‍ ദാസ് , മരട്
ഗര്‍ഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ചെറിയതോതിലുള്ള രക്തസ്രാവം 25 ശതമാനം ആളുകളിലും കണ്ടുവരുന്നു. ഇങ്ങനെ കണ്ടാല്‍ ഉള്ളില്ക്കൂടിയുള്ള സ്കാനിംഗാണ് അഭികാമ്യം. സ്കാന്‍ ചെയ്തു കഴിഞ്ഞാല്‍ ഗര്ഭപാത്രത്തിന് ജന്മനാല് എന്തെങ്കിലും വൈകല്യങ്ങളുണ്ടോ, മുഴകളുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം മനസിലാക്കാന്‍ കഴിയും. കൂടാതെ എത്രകുട്ടികള്‍ ഉണ്ട്, ഗര്‍ഭം ഗര്ഭപാത്രത്തിന് ഉള്ളിലാണോ പുറത്താണോ പിടിച്ചിരിക്കുന്നത്, കുഞ്ഞു കിടക്കുന്ന ദ്രാവകത്തില്‍ കുഞ്ഞിന്റെ രൂപം വന്നിട്ടുണ്ടോ, ഹൃദയമിടിപ്പുണ്ടോ, ഗര്‍ഭപാത്രത്തിനുള്ളില്‍ അസാധാരണമായ ബ്ലീഡിംഗ് ഉണ്ടോ തുടങ്ങിയ കാര്യങ്ങളും മനസിലാക്കാന്‍ സാധിക്കും. സ്കാന്‍ ചെയ്തശേഷം ആരോഗ്യമുള്ള ഗര്‍ഭമാണെന്ന് ഡോക്ടര്‍ക്കു മനസിലായാല്‍ മരുന്നുകളുടെയൊന്നും ആവശ്യമില്ല. പ്രകൃതിതന്നെ ഗര്‍ഭം സംരക്ഷിച്ചുക്കൊള്ളും.
ചിലര്‍ക്ക് വിശ്രമം നിര്‍ദേശിക്കുകയും ഗര്‍ഭം അലസിപ്പോകാതെയുള്ള മരുന്നുകള്‍ നല്‍കുകയും ചെയ്യാറുണ്ട്. നിങ്ങള്‍ ഡോക്ടറെകണ്ട് സ്കാന്‍ ചെയ്ത് കുഴപ്പമൊന്നുമില്ലെന്ന് കണ്ടതിനാലാവാം മുന്‍കരുതല്‍ എന്ന നിലയില്‍ വിശ്രമം നിര്‍ദേശിച്ചത്. അതിനാല്‍ നിങ്ങളുടെ ഗര്‍ഭധാരണത്തിന് യാതൊരു പ്രശ്നവുമില്ല. ഗര്‍ഭത്തെ സംരക്ഷിക്കുന്ന പ്രൊജസ്ട്രോണ്‍ ഹോര്‍മോണിന്റെ അളവ് കുറഞ്ഞു പോകുന്നത് കൊണ്ട് മൂന്നാം മാസത്തില്‍ ബ്ലീഡിംഗ് ഉണ്ടാകാം.
അതുപോലെ അബോര്ഷന് ആകാന്‍ സാധ്യതയുള്ള ഗര്‍ഭധാരണം ക്രോമസോമല്‍ പ്രശ്നങ്ങള്‍ ഇവയെല്ലാം ബ്ലീഡിംങ്ങിനു കാരണമാകാം. ഇത് സ്കാനിംഗില്‍ വ്യക്തമായി മനസിലാക്കാന്‍ കഴിയും. ഗുരുതരമായ പ്രശ്നങ്ങളുള്ള ഗര്‍ഭധാരണം എത്ര സംരക്ഷിച്ചാലും അബോര്‍ഷനായി പോകാം. ഹോര്‍മോണ്‍ സംബന്ധമായ ബ്ലീഡിംഗ് വിശ്രമംകൊണ്ടും മരുന്നു കഴിക്കുന്നതുകൊണ്ടും മാറുന്നതാണ്.
ഉത്തരങ്ങള്‍ക്ക് കടപ്പാട്: