
പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ത്തവമുള്ള സ്ത്രീകളില്‍ ഹാര്‍ട്ടറ്റാക്ക്, സ്ട്രോക്ക് മുതലായവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ബി.പി തുടങ്ങിയവ ഉണ്ടാകുന്നതിനെ ആര്‍ത്തവം തടയുന്നില്ല. ആര്‍ത്തവവിരാമത്തിന് ശേഷം മേല്പറഞ്ഞ ഗുരുതരപ്രശ്നങ്ങള്‍ക്ക് സാധ്യത സ്ത്രീകളില്‍ പതിന്മടങ്ങ് വര്‍ധിക്കുന്നു.
അമിതവണ്ണം
പ്രസവത്തിന് ശേഷം സ്ത്രീകളില്‍ അമിതവണ്ണം സാധാരണയായി കണ്ടുവരുന്നു. പഴയരീതിയിലുള്ള പ്രസവരക്ഷ, വ്യായാമം ഇല്ലായ്മ, മാനസികപിരിമുറുക്കം മുതലായവയാണ് ഇതിന്റെ കാരണങ്ങള്‍. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടുജോലിയില്‍ നിന്ന് അല്പം ആശ്വാസം കിട്ടിയിരുന്നത് പ്രസവശേഷം മാത്രമായിരുന്നതിനാല്‍ പ്രസവരക്ഷക്ക് പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ആധുനികവല്‍ക്കരണവും നഗരവല്‍ക്കരണവും അതിന്റെ മൂര്‍ധന്യത്തില്‍ എത്തി നില്ക്കുമ്പോള് പ്രസവരക്ഷക്ക് കൊടുക്കുന്ന അമിത പ്രാധാന്യം വിപരീതഫലമാണ് ഉണ്ടാക്കുക.
ജോലിയുള്ള സ്ത്രീകളേക്കാള്‍ വീട്ടമ്മമാരായ സ്ത്രീകളില്‍ അമിതവണ്ണം വരാനുള്ള സാധ്യത കൂടുതലാണ്. വീട്ടുജോലിയില്‍ പഴയതുപോലെ കഠിനാധ്വാനം ആവശ്യമില്ലാതായി മാറിയതും വീട്ടിലെ ജോലിക്ക് ശേഷം വ്യായാമത്തിനുള്ള സമയം കണ്ടെത്താന്‍ കഴിയാതെ വരുന്നതും ഇതിന് കാരണമാകാറുണ്ട്. അമിതമായ ടി.വി കാഴ്ച, തെറ്റായ ജീവിതശൈലി അടുത്ത തലമുറയിലേക്ക്് കൂടി പടരുന്നതിന് കാരണമാകുന്നു. മിച്ചം വരുന്ന ആഹാരം കഴിച്ചുതീര്‍ക്കുക, ഇടയ്ക്കിടെ കഴിക്കുക മുതലായ തെറ്റായ പ്രവണതകളും പൊണ്ണത്തടി വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു.
വാര്ത്താധിഷ്ഠിതവും വിനോദപരവുമായ പരിപാടികള്‍ ചേര്‍ത്ത് ഒരു ദിവസത്തെ 'സ്ക്രീന്‍ ടൈം' പരമാവധി ഒന്നോ രണ്ടോ മണിക്കൂറായി ചുരുക്കാന്‍ സാധിക്കണം. എന്നാല്‍ ഇത് ആരോഗ്യകരമായ വ്യായാമം ചെയ്യുന്ന സമയത്തെ അപഹരിച്ചുകൊണ്ട് ആയിരിക്കുകയുമരുത്.
പൊണ്ണത്തടി നിയന്ത്രിക്കാം
അമിത വണ്ണം നിയന്ത്രിക്കാന്‍ സ്വന്തം ശരീരത്തെപ്പറ്റി അവബോധം ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. ശരീരഭാരത്തിന്റെ അളവുകോലായ ബി.എം.ഐ (ബോഡി മാസ് ഇന്‍ഡക്സ്) 23 ല്‍ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കണം. അരവണ്ണം 80 സെന്റീമീറ്ററില്‍ താഴെ ക്രമീകരിക്കുക. വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ ജങ്ക്ഫുഡ്, ഫാസ്റ്റ് ഫുഡ്, കോള മുതലായവ ഒഴിവാക്കുക. ചിട്ടയായ വ്യായാമക്രമം (എല്ലാ ദിവസവും 15 - 20 മിനിറ്റ്).
മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ജീവിതശൈലി ശീലിക്കുക. പ്രാര്‍ഥന, യോഗ, മെഡിറ്റേഷന്‍, കുടുംബം - കൂട്ടുകാര്‍ ഒന്നിച്ചുള്ള ചെറിയ യാത്രകള്‍, പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരല്‍ തുടങ്ങിയവ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കും.
പരിഹാര മാര്‍ഗങ്ങള്‍
1. 45 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ ഡോക്ടറെ കണ്ട് ഷുഗര്‍ ടെസ്റ്റ് ചെയ്ത് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം.
2. 45 വയസില്‍ താഴെ പ്രായമുള്ള അമിതവണ്ണം, വ്യായാമമില്ലാത്ത ജീവിതശൈലി, ഗര്‍ഭകാല പ്രമേഹം, ഹൈ ബി.പി, കൊളസ്ട്രോള്‍, പി.സി.ഒ.എസ്, ഹാര്‍ട്ടറ്റാക്ക് തുടങ്ങിയവ ഉള്ളവര്‍ എല്ലാ വര്‍ഷവും ഷുഗര്‍ ടെസ്റ്റ് ചെയ്യേണ്ടതാണ്.
3. പ്രമേഹമുള്ളവര്‍ എല്ലാ മാസവും ഫാസ്റ്റിങ്, പി.പി.ബി.എസ് ഷുഗര്‍ ടെസ്റ്റ് ചെയ്ത് നോര്‍മലാണെന്ന് സ്വയം ഉറപ്പുവരുത്തുക.
4. മൂന്നുമാസത്തിലൊരിക്കല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ടെസ്റ്റുകള്‍ ചെയ്ത് ഷുഗറിന്റെ അളവുകള്‍ പരിധിയില്‍ നിര്‍ത്തണം.
രക്തസമ്മര്‍ദം
ചുരുങ്ങിയത് രണ്ട് പ്രാവശ്യമെങ്കിലും നന്നായി വിശ്രമിച്ചതിനുശേഷം രക്തസമ്മര്‍ദം 140/90 ഉള്ളിലുള്ളവര്‍ തീര്‍ച്ചയായും മരുന്ന് കഴിക്കേണ്ടതാണ്. ചിട്ടയായ വ്യായാമത്തിലൂടെ ബി.പിയെ കുറയ്ക്കാന്‍ സാധിക്കുന്നു. ഉപ്പിന്റെ ഉപയോഗം കുറക്കുക.
ഉഷ്ണകാലത്ത് പ്രത്യേകിച്ചും പ്രായമായവര്‍ ഉപ്പ് കഴിച്ചില്ലെങ്കില്‍ രക്തത്തില്‍ സോഡിയം താഴ്ന്ന് പോകുന്ന അവസ്ഥയുണ്ടാകാം. അതുപോലെ പ്രത്യേക ഗണത്തില്‍ പെട്ട രക്തസമ്മര്‍ദത്തിന്റെ മരുന്നുകള്‍ കഴിക്കുന്നവരും ശ്രദ്ധിക്കുക. കൂടുതല്‍ പഴങ്ങള്‍ കഴിക്കുക. അനാവശ്യ മാനസികപിരിമുറുക്കങ്ങള്‍ ഒഴിവാക്കുക. രക്തസമ്മര്‍ദം സാധാരണ നിലയിലായെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മരുന്ന് നിര്‍ത്താതിരിക്കുക.
ചിട്ടയായ വ്യായാമം അത്യാവശ്യമാണ്. എണ്ണയില്‍ വറത്തതും പൊരിച്ചതും ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും കൂടുതല്‍ കഴിക്കുക. ഹാര്‍ട്ടറ്റാക്ക് മുതലായ അസുഖങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമെങ്കില്‍ മരുന്ന് കൃത്യമായി കഴിക്കുക. തൈറോയ്ഡ് ഗ്രന്ഥിയുടെയും ജനിതമായ കാരണങ്ങളുടെയും ഫലമായി ഉള്ള അമിത കൊളസ്ട്രോള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക.
കടപ്പാട്:
ഡോ. നിബു ഡൊമിനിക്