
ഹരിപ്പാട്: കൊല്ലപ്പെട്ട ചാക്കോയെ അവസാനമായി കണ്ട ഓര്‍മകളുമായി ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. ശ്രീകുമാര്‍ "കുറുപ്പ്" സിനിമ കാണാനെത്തി. ചാക്കോ ഫിലിം റെപ്രസന്റേറ്റീവായി ജോലി ചെയ്‌തിരുന്ന കരുവാറ്റാ ഹരി തീയറ്റര്‍ ഉടമയുടെ മകനാണ് അഡ്വ: കെ. ശ്രീകുമാര്‍. ഇന്നലെ ഹരിപ്പാട് എം ലാല്‍ സിനിപ്ലെക്‌സിലാണ് അദ്ദേഹം സിനിമ കണ്ടത്. സിനിമയില്‍ സുകുമാരക്കുറുപ്പിനെ മഹത്വവത്‌കരിക്കുവാനുള്ള യാതൊരു ശ്രമവുമില്ലെന്നും അന്നത്തെ സംഭവങ്ങളോട് പരമാവധി നീതി പുലര്‍ത്തുവാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1984 ജനുവരി 21 ശനിയാഴ്‌ച രാത്രി കരുവാറ്റ ടി.ബി. ജംഗ്‌ഷനില്‍ ചാക്കോ ആലപ്പുഴയ്‌ക്കുള്ള ബസ് കാത്ത് നില്‍ക്കുമ്പോള്‍ ശ്രീകുമാറും ഒപ്പമുണ്ടായിരുന്നു. തിയറ്ററില്‍ അന്ന് പ്രദര്‍ശിപ്പിച്ചിരുന്നത് "കെണി" എന്ന ചിത്രമായിരുന്നു. സെക്കന്‍ഡ് ഷോയുടെ ടിക്കറ്റ് ക്ലോസ് ചെയ്‌ത് ചാക്കോ, ശ്രീകുമാറുമൊത്താണ് റോഡിലേക്ക് എത്തുന്നത്. ബസ് വരുന്നത് കണ്ടപ്പോള്‍ ചാക്കോ യാത്ര പറഞ്ഞ് സ്‌റ്റോപ്പിലേക്ക് ഓടിപ്പോകുന്ന രംഗം ഇപ്പോഴും ശ്രീകുമാറിന്റെ മനസിലുണ്ട്. അത് ഒരിക്കലും മടങ്ങി വരാത്ത യാത്ര ആയിരിക്കുമെന്ന് കരുതിയിരുന്നില്ല. ചാക്കോയ്‌ക്ക് ആ ബസ് കിട്ടിയില്ല. പിന്നാലെ എത്തിയ കാറില്‍ ചാക്കോ ആലപ്പുഴയ്‌ക്ക് പോവുകയായിരുന്നു. ശ്രീകുമാര്‍ അന്ന് ആലപ്പുഴ എസ്.ഡി. കോളജില്‍ ബിരുദ വിദ്യാര്‍ഥി ആയിരുന്നു. തിങ്കളാഴ്‌ച ആയിട്ടും ചാക്കോയെ കാണാതിരുന്നതിനെത്തുടര്‍ന്ന് അന്വേഷിച്ച് ആലപ്പുഴ തത്തംപള്ളിയിലെ വീട്ടില്‍ചെന്നു. ചാക്കോ വീട്ടില്‍ എത്തിയിട്ടില്ല എന്നുള്ള വിവരം അപ്പോഴാണ് അറിയുന്നത്. എറണാകുളത്തെ കമ്പനി ഓഫീസില്‍ വിളിച്ചപ്പോഴും എത്തിയിട്ടില്ല എന്നായിരുന്നു മറുപടി. പിന്നീടാണ് ഹരിപ്പാട് പോലീസ് സേ്‌റ്റഷനില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. മൂന്നരപ്പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ സംഭവം അതേ വര്‍ഷം തന്നെ പ്രശസ്‌ത സംവിധായകന്‍ ബേബി എന്‍.എച്ച് 47 എന്ന പേരില്‍ ടി.ജി. രവിയെ നായകനാക്കി ചിത്രം പുറത്തിറക്കിയിരുന്നു. ഈ ചിത്രവും ശ്രീകുമാര്‍ കണ്ടിരുന്നു.
"കുറുപ്പ്" സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പായി വേഷമിട്ടു വരുമ്പോള്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ താരമൂല്യമനുസരിച്ച് സംഭവത്തിന്റെ ഗതി മാറുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ചിത്രം കണ്ടപ്പോള്‍ അങ്ങനെയൊന്നുമല്ലെന്ന് മനസിലായി. ചിത്രം തിയറ്ററില്‍ കണ്ടതുകൊണ്ട് നന്നായി ആസ്വദിക്കാനായി. ചിത്രം ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കാതെ തിയറ്ററുകളില്‍ എത്തിച്ചതിന് നിര്‍മാതാക്കളെ പഴയ ഒരു തിയേറ്റര്‍ ഉടമ എന്ന നിലയില്‍ അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സ് തുക തട്ടാന്‍ വേണ്ടി മാത്രമായിരുന്നു കൊലപാതകമെന്ന നിഗമനം തനിക്ക് അന്നും ഇന്നും വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ചാക്കോയുടെ ഭാര്യ ശാന്തമ്മയെ രണ്ടാവര്‍ത്തി നേരില്‍ കണ്ടിട്ടുണ്ട്. പിന്നീട് ആശുപത്രിയില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ കാണാന്‍ പോയിരുന്നു. മകന്‍ ജിതിനെ നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ട്. അടുത്തു തന്നെ കുടുംബവുമൊത്ത് ചാക്കോയുടെ വീട്ടില്‍ പോകണമെന്നുള്ള തീരുമാനത്തിലാണ് ശ്രീകുമാര്‍.






